ന്യൂയോര്‍ക്ക്: ഹാക്കര്‍മാരുടെ പിടിയില്‍ കുടുങ്ങി സാമൂഹ്യമാധ്യമങ്ങളിലെ ആഗോള ഭീമന് ഫേസ്ബുക്ക്. 5 കോടി ആളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ചോര്‍ന്നതായി ഫേസ്ബുക്ക് അറിയിച്ചു. നേരത്തെ ഉണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷമാണ് ഈ പുതിയ സുരക്ഷാ വീഴ്ച. ഫേസ്ബുക്കിന് വന്‍ സുരക്ഷാ വീഴ്ച പറ്റിയതായി സി.ഇ.ഒ സുക്കര്‍ബര്‍ഗ് തന്നെ വ്യക്തമാക്കി.
ഹാക്ക് ചെയ്യപ്പെട്ട വിവരം ഫേസ്ബുക്ക് തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ് വേഡ് വീണ്ടും നല്‍കാതെ തന്നെ ആളുകളുടെ അക്കൗണ്ടില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് ഫേസ്ബുക്ക് നല്കുന്ന ഔദ്യോഗിക വിശദീകരണം. ഡിജിറ്റല്‍ കീ സ്വന്തമാക്കുക വഴി ഹാക്കര്‍മാര്‍ക്ക് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്ന് ഫേസ്ബുക്ക് അറിയിച്ചു.
പ്രൈവസി ഫീച്ചറിലാണ് സുരക്ഷ പ്രശ്നം കണ്ടെത്തിയെന്നാണ് പ്രഥമിക കണ്ടെത്തല്‍. 200 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്കിന് 27 കോടി ഉപയോക്താക്കളും ഇന്ത്യക്കാരാണ്. എന്നാല്‍ ഏതൊക്കെ രാജ്യക്കാരുടെ അക്കൗണ്ടാണ് ചോര്‍ത്തിയതെന്നോ ഇന്ത്യയിലെ പ്രൊഫൈലുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറിയെന്നോ ഇതുവരെ ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഈ വന്‍ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ, അവര്‍ എവിടെ നിന്നാണ് ഓപ്പറേഷന് നടത്തിയതെന്നോ അറിയില്ലെന്നും ഔദ്യോഗിക ബ്ലോഗിലൂടെ ഫേസ്ബുക്ക് അറിയിക്കുന്നു. കൂടാതെ, ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് കൃത്യമായി പറയാനാവില്ലെന്നും ഫേസ്ബുക്ക് അറിയിച്ചു. എന്നാല്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സി.ഇ.ഒ സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ വലിയ വിമര്‍ശനം നേരിടുന്ന ഫേസ്ബുക്കിന് വലിയ അടിയായിരിക്കുകയാണ് പുതിയ സംഭവം. ഈ വര്‍ഷമാദ്യം ഫേസ്ബുക്കിലുണ്ടായിരുന്ന ഒരു സോഫ്റ്റ് വെയര്‍ ബഗ്ഗ് വഴി ഹാക്കര്‍മാര്‍ക്ക് യൂസറുടെ പ്രൈവസി സൈറ്റിംഗ് മാറ്റാന്‍ സാധിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു.
അതേസമയം, ഫേസ്ബുക്ക് സുരക്ഷാ വീഴ്ച ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യന്‍ ഉപഭോക്താക്കളെയാണ്. ആകെയുള്ള 2 ബില്യണ്‍ ഉപഭോക്താക്കളില്‍ 270 മില്യണ്‍ ഉപഭോക്താക്കള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ് എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എത്ര ഇന്ത്യന്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്ന് ഇന്ത്യന്‍ പ്രസ് ട്രസ്റ്റിന്റെ ചോദ്യത്തിന് ഫെയ്സ്ബുക്ക് അധികൃതര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

