ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഗുസ്തിതാരം സുമിത് മാലിക്കില്‍ നിന്നും വന്‍ തുക പിഴ ഈടാക്കാന്‍ റെസ്ലിംഗ് ഫെഡറേഷന് ഒഫ് ഇന്ത്യയുടെ തീരുമാനം. സുമിതില്‍ നിന്നും 16 ലക്ഷം രൂപ പിഴ ഈടാക്കാനാണ് അസോസിയേഷന് തീരുമാനം.
അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷന് നടത്തുന്ന ടൂര്‍ണമെന്റുകളില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ ആ താരം അംഗമായിരിക്കുന്ന അസോസിയേഷന് 16 ലക്ഷം രൂപ അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷന് പിഴയായി നല്‍കണമെന്നാണ് നിയമം. ഈ തുക സുമിത് മാലിക്കിന്റെ പക്കല്‍ നിന്നും ഈടാക്കാനാണ് റെസ്ലിംഗ് അസോസിയേഷന് ഒഫ് ഇന്ത്യയുടെ തീരുമാനം.
പിഴ ഒടുക്കാത്ത പക്ഷം സുമിതിനെ ആജീവനാന്തക്കാലത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും വിലക്കാനും അസോസിയേഷന് പദ്ധതിയുണ്ട്. കൂടാതെ ഒളിമ്ബിക്സ് മത്സരങ്ങള്‍ക്കുള്ള പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി റെസ്ലിംഗ് ഫെഡറേഷന് സുമിതിന് നല്കിയ 5 ലക്ഷം രൂപ അസോസിയേഷന് താരത്തിന്റെ പക്കല്‍ നിന്നും മടക്കി വാങ്ങാനും സാധ്യതയേറെയാണ്.
ജൂണ്‍10ന് സുമിതിന്റെ ബി സാംപിള്‍ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. അതും പോസിറ്റീവ് ആയാല്‍ മാത്രമേ സുമിതിനെതിരെ നടപടികള്‍ ഉണ്ടാവുകയുള്ളു. പരിശീലനത്തിനിടെ കാല്‍മുട്ടിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായി സുമിത് നിരോധിത മരുന്ന് കഴിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അസോസിയേഷന് അധികൃതര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇക്കാര്യം കോടതിയില്‍ തെളിയിക്കുവാന്‍ സാധിച്ചാല്‍ ഒരുപക്ഷേ താരത്തിന് വിലക്കില്‍ നിന്നും പിഴയില്‍ നിന്നുമെല്ലാം രക്ഷപ്പെടുവാന്‍ സാധിച്ചെന്നിരിക്കും. എങ്കിലും അന്തിമ വിധി വരാന്‍ കാലതാമസം എടുക്കും എന്നതിനാല്‍ തന്നെ സുമിതിന് ഇത്തവണത്തെ ഒളിമ്ബിക്സ് നഷ്ടമാകാന്‍ സാധ്യത ഏറെയാണ്.
2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സുമിത് 125 കിലോഗ്രാം വിഭാഗത്തിലാണ് ഒളിമ്ബിക്ക് യോഗ്യത നേടിയത്. അടുത്ത മാസം 23ന് ബള്‍ഗേറിയയില്‍ വച്ചാണ് ഒളിമ്ബിക്ക് മത്സരങ്ങള്‍ നടക്കുന്നത്.
പരിശീലനത്തിനിടെ പരിക്ക് പറ്റിയ സുമിത് കഴിഞ്ഞ മാസം സോഫിയയില്‍ വച്ച് നടന്ന യോഗ്യതാ മത്സരങ്ങളില്‍ വച്ചാണ് ഒളിമ്ബിക്ക് യോഗ്യത നേടുന്നത്. അതിനു മുമ്ബ് രണ്ടു തവണ ശ്രമിച്ചിരുന്നെങ്കിലും പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത സുമിത് കാല്‍മുട്ടിലെ പരിക്ക് പൂര്‍ണ്ണമായും ഭേദമാകുന്നതിനു വേണ്ടി പോളണ്ടില്‍ നടക്കുന്ന പരിശീലന ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു.

