മിടുക്കരായി വളരാന്‍ കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം മാത്രം നല്‍കിയാല്‍ പോരാ, ഗുണമുള്ള ഭക്ഷണം തന്നെ നല്‍കണം. ശരീര വളര്‍ച്ചയ്ക്കൊപ്പം ബുദ്ധി വികാസത്തിനും ഊര്‍ജ്ജം പകരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഇതാ.
മുഴുധാന്യങ്ങള്‍
ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഫോളേറ്റ് മുഴു ധാന്യങ്ങളില്‍ ധാരാളം ഉണ്ട്. ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ബി ഘടകങ്ങളാലും സമ്പുഷ്ടമാണിവ. തവിടോടുകൂടിയ അരിയും ഗോതമ്പും മുഴു ധാന്യങ്ങളില്‍ പെടുന്നവയാണ്. മള്‍ട്ടി ഗ്രെയിന്‍ ഭക്ഷണക്കൂട്ടുകള്‍ പായ്ക്കറ്റ് ആയി മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. കുറുക്കു രൂപത്തിലും പലഹാരമായും കുട്ടിക്കു നല്‍കാം.
ഓട്സ്
തലച്ചോറിനുള്ള ഇന്ധനമാണ് ഓട്സ് എന്നു പറയാം. ധാരാളം നാരുകളടങ്ങിയിട്ടുള്ള ഈ ഭക്ഷണ പദാര്‍ഥം കുട്ടികളുടെ വയറു നിറയ്ക്കുക മാത്രമല്ല ഇവര്‍ക്കു വേണ്ട ഊര്‍ജ്ജവും നല്‍കുന്നു. വൈറ്റമിന്‍ ഇ, ബി എന്നിവ കൂടാതെ സിങ്കും അടങ്ങിയിട്ടുള്ള ഓട്സ് ബുദ്ധക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഓട്സ് കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പഴങ്ങളും പാലും ചേര്‍ത്ത് രുചികരമായി വിളമ്പാം. ഓട്സും ബദാമും വറുത്ത് പൊടിച്ച് തേനും ഈന്തപ്പഴവും വെളിച്ചെണ്ണയും ചേര്‍ത്ത് മിക്സിയിലിട്ട് നന്നായി യോജിപ്പിച്ചതിനുശേഷം ഉരുളകളായി കുട്ടികള്‍ക്ക് നല്‍കാം. കൂടുതല്‍ രുചികരമാക്കാന്‍ തേങ്ങാപ്പീരയില്‍ ഉരുട്ടിയെടുക്കുകയും ആവാം.
മത്തി
ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗാ3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഗുണം ചെയ്യും. ഓര്‍മക്കുറവിനെ ചെറുക്കും. ചോറിനൊപ്പം മീന്‍ കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് കട് ലെറ്റ് ആയോ സൂപ്പായോ ചപ്പാത്തിയില്‍ പച്ചക്കറികള്‍ക്കൊപ്പം ഫില്ലിംഗ് ആയോ നല്‍കാം.
നിലക്കടല
രുചിയിലും ഗുണത്തിലും മുമ്പിലാണ് നിലക്കടല വിഭവങ്ങള്‍. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ നാഡികളെ സംരക്ഷിക്കും. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ തയാമിനും നിലക്കടലയിലുണ്ട്.
മുട്ട
കോളിന്‍ എന്ന വൈറ്റമിന്‍റെ കലവറയാണ് മുട്ട. ഓര്‍മശക്തി നിലനിറുത്തുന്ന കോശങ്ങളുടെ നിര്‍മാണത്തിന് ഈ വൈറ്റമിന്‍ അത്യാവശ്യമാണ്.
സ്ട്രോബെറി
ആന്‍റി ഓക്സിഡന്‍റ് ധാരാളമായി അടങ്ങിയിട്ടുള്ള സ്ട്രോബെറി ചിന്ത, ഓര്‍മ ശക്തി, തിരിച്ചറിവ് തുടങ്ങിയ കഴിവുകളെ പരിപോഷിപ്പിക്കും.
