സ്വര്‍ണക്കടത്തിന്റെ വിഹിതം പറ്റുന്നവര്‍ സിനിമയിലുണ്ട്., ശരിയല്ലാത്ത രീതികളില്‍ വന്‍തോതില്‍ പണം സിനിമയില്‍ എത്തുന്നുണ്ട്..; ആരോപണവുമായി സിയാദ് കോക്കര്‍

ചലച്ചിത്ര മേഖലയില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന് വെളിപ്പെടുത്തി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സിനിമ മേഖലയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട പണം സിനിമ മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം.

സിനിമ മേഖലയില്‍ സ്വര്‍ണ കള്ളക്കടത്തുകാരുടെ ഇടപെടല്‍ നടന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച്‌ കൃത്യമായ അന്വേഷണം വേണം. ചില നിര്‍മാതാക്കള്‍ ഇത്തരക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതായും സിയാദ് കോക്കര്‍ പറഞ്ഞു.

സിനിമാ താരങ്ങളുടെയും നിര്‍മാതാക്കളുടെയും തുടങ്ങി ചലച്ചിത്ര പ്രവര്‍ത്തകരുടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം വേണം. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും സിയാദ് കോക്കര്‍ ആവശ്യപെട്ടു.

വിദേശത്തുവച്ച്‌ നടന്ന ഷോകളില്‍ പങ്കെടുക്കുന്ന താരങ്ങളെ ഏതെങ്കിലും വിധത്തില്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കണം. സ്വര്‍ണ കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് സിനിമാ മേഖലയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തുന്നത്.

prp

Leave a Reply

*