ഔറംഗബാദ്: കാമുകിയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍.
35കാരനായ സൗരഭ് ലാഖെയാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം.
വിവാഹിതയും മൂന്നുവയസുകാരിയുടെ അമ്മയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായ ലാഖെ യുവതിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഹുഡ്‌കോ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീട്ടില്‍ ലാഖെ പതിവായി എത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.
അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ലാഖെയോട് ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ ലാഖെ ആഗസ്റ്റ് 15ാം തീയതി യുവതിയെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി മുറിച്ചുമാറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിറ്റേദിവസം ലാഖെ വെട്ടിമാറ്റിയ യുവതിയുടെ തലയും കൈകളും എടുത്ത് ഷിയൂരിലെ ഒരു ഗോഡൗണില്‍ സൂക്ഷിച്ചതായും പൊലീസ് പറഞ്ഞു.
ബുധനാഴ്ച, ലാഖെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്നത് വീട്ടുടമസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ഇക്കാര്യം പോലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

