ജിദ്ദ: സ്കൂള്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശത്തെ തടഞ്ഞുവെക്കാന്‍ സ്വകാര്യ സ്കൂള്‍ അധികാരികള്‍ക്ക് അവകാശമില്ലെന്ന് സൗദി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന് വ്യക്തമാക്കി.
രക്ഷിതാവ് ഫീസ് നല്കുന്നതില് വീഴ്ച വരുത്തിയാല്‍, വിദ്യാര്‍ഥിയെ ക്ലാസ് മുറിക്ക് പുറത്തുനിര്ത്താനോ സ്കൂളിലെ പഠനം തടയാനോ പരീക്ഷയില്‍നിന്ന് മാറ്റിനിര്‍ത്താനോ സ്വകാര്യ സ്കൂളുകള്‍ക്ക് അവകാശമില്ലെന്ന് അസോസിയേഷന് വിശദീകരിച്ചു. എന്നാല്‍, സ്കൂള്‍ ഫീസ് അടക്കുന്നതില്‍ രക്ഷിതാക്കള്‍ വീഴ്ച വരുത്തുന്നപക്ഷം അത് അടക്കുന്നതു വരെ വിദ്യാര്‍ഥികളുടെ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാന്‍ സ്കൂളിന് അവകാശമുണ്ടെന്ന് അസോസിയേഷന് സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും നിയമലംഘനമുണ്ടായാല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കാവുന്നതാണ്.
ഫീസ് അടക്കാത്തതിന്റെ പേരില്‍ തന്റെ രണ്ട് ആണ്മക്കളുടെ സര്‍ട്ടിഫിക്കറ്റ് കൈമാറാന്‍ സ്വകാര്യ സ്കൂള്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവിന്റെ ചോദ്യത്തിന് മറുപടിയായാണ് അസോസിയേഷന്റെ സ്ഥിരീകരണം. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിന് സര്‍വകലാശാലകളിലേക്ക് അപേക്ഷ അയക്കുന്നതിനായി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സ്കൂള്‍ അധികൃതര്‍ ഇദ്ദേഹത്തിന്റെ മക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെച്ചത്.

