വേനല്‍ക്കാലത്ത് ഖിലുക് തടാകം നമ്മുക്കായി കാത്തുവെച്ചിരിക്കുന്ന വിസ്മയ കാഴ്ചകള്‍ ഏറെയാണ്. ബ്രിട്ടീഷ് കൊളംബിയയിലെ ഖിലുക് തടാകം സാധാരണ കാണുന്ന ഏതൊരു തടാകത്തേയും പോലെത്തന്നെയാണ്. എന്നാല്‍ വേനല്‍ക്കാലം എത്തിയാല്‍ അത്ഭുതക്കാഴ്ചകളാല്‍ കാണുന്നവരെയെല്ലാം അമ്ബരപ്പിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവുമധികം ധാതുക്കള്‍ അടങ്ങിയ തടാകമായ ഖിലുക് തടാകത്തിന് നിരവധി പ്രത്യേകതകളുണ്ട്. വേനല്‍ കനക്കുന്നതോടെ ഖിലുക് തടാകത്തില്‍ വെള്ളം പൂര്‍ണമായും വറ്റി ഇല്ലാതാകും.
തടാകത്തില്‍ വെള്ളം കുറയുന്നതോടെ ഇവിടെ ഒരുങ്ങുന്നത് വളരെ മനോഹരമായ കാഴ്ചകളാണ്. മഞ്ഞയും പച്ചയും നീലയും നിറങ്ങളിലുള്ള 300- ലധികം ചെറിയ കുളങ്ങള്‍ ഇവിടെ ദൃശ്യമാകും. വ്യത്യസ്ത അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് ഈ കുളങ്ങളില്‍ ഉള്ളത് എന്നാണ് ഇവിടുത്തെ വിശ്വാസം.
ഓരോന്നിലെയും ജലത്തിലുള്ള വ്യത്യസ്ത ധാതുക്കളുടെ സാന്നിധ്യം മൂലമാണ് ഇവയ്ക്ക് ഔഷധ ഗുണങ്ങള്‍ ഉള്ളത് എന്നാണ് ഇവിടെയുളള ആളുകള്‍ പറയുന്നത്. ഈ തടാകത്തെ പുണ്യ സ്ഥലമായി കരുതുന്ന ആളുകളും ഈ പ്രദേശത്തുണ്ട്. ഏറെ അദ്ഭുതങ്ങള്‍ ഒളിപ്പിച്ച നിഗൂഢ തടാകമാണ് ഖിലുക്. സ്പോട്ടഡ് ലേക്ക്’ അഥവാ പുള്ളി തടാകം എന്നാണ് ഖിലുക് അറിയപ്പെടുന്നത്.

