കൊറോണയില്‍ വ്യാജ വാര്‍ത്തകള്‍; ‘വെള്ളംകുടിച്ച്‌’ ട്വിറ്ററും, എഫ്ബിയും, ഗൂഗിളും!

കൊറോണാവൈറസ് പടര്‍ന്നതോടെ വ്യാജ വാര്‍ത്തകളും, അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇത്തരം വാര്‍ത്തകള്‍ നിര്‍വ്യാജം പുറത്തുവരുന്നതിനാല്‍ ഇവയെ തടുത്ത് നിര്‍ത്താന്‍ കഴിയാതെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവരെല്ലാം വെള്ളം കുടിക്കുകയാണ്.

വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന കൊറോണയില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വ്യാജ അവകാശവാദങ്ങളും, അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന കണ്ടന്റ് നീക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. കൊറോണാവൈറസ് ഹാഷ്ടാഗില്‍ സേര്‍ച്ച്‌ ചെയ്യുമ്ബോള്‍ അംഗീകൃത ആരോഗ്യ സ്രോതസ്സുകളില്‍ നിന്നും വിവരം ലഭിക്കാന്‍ പാകത്തിന് വ്യത്യാസങ്ങള്‍ വരുത്തുമെന്ന് ട്വിറ്ററും പ്രഖ്യാപിച്ചു.

വുഹാനിലെ ആളുകള്‍ വവ്വാലുകളെ തിന്നുന്നുവെന്ന വീഡിയോയാണ് പ്രധാന ആശങ്കയായി മാറുന്നത്. വുഹാനില്‍ അനധികൃതമായി വന്യജീവികളെ മാംസത്തിനായി വില്‍ക്കുന്നതില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ 2016 ഒരു വീഡിയോ ആണ് വ്യാജപ്രചരണത്തിനായി ഉപയോഗിച്ച്‌ വരുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടക്കുന്ന വേളയില്‍ വൈറസ് മനഃപ്പൂര്‍വ്വം പടര്‍ത്തിയതാണെന്നാണ് ചില അഭ്യൂഹവിശ്വാസികളുടെ പ്രചരണം. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ബയോ ആയുധമായി വൈറസ് പ്രയോഗിച്ചെന്നാണ് മറ്റൊരുപ്രചരണം. വാഷിംഗ്ടണ്‍ ടൈംസ് വരെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വൈറസ് ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് എംഐടി പ്രൊഫസര്‍ വിപിന്‍ നാരംഗ് പ്രതികരിച്ചു.

5ജിയാണ് കൊറോണയ്ക്ക് കാരണമെന്നാണ് മറ്റൊരു വിശ്വാസം. 5ജി പ്രതിരോധ ശേഷിയെ തകര്‍ത്താണ് വൈറസിനെ ശരീരത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചതെന്ന് ഇവര്‍ വിശ്വസിക്കുന്നു. 5ജി സേവനം ലഭ്യമാക്കിയ ഏതാനും രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ബ്ലീച്ച്‌ കുടിച്ചും, ഉപ്പുവെള്ളം കുടിച്ചുമെല്ലാം കൊറോണ രോഗം ഭേദമാക്കാമെന്ന് വരെ വ്യാജന്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ട്

prp

Leave a Reply

*