കൊച്ചി:മൂന്ന് ദിവസം മാത്രമുള്ള കൈക്കുഞ്ഞിനെ ഇടപ്പള്ളി ക്രിസ്ത്യന്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു മാതാപിതാക്കളെ ഒടുവില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുഞ്ഞിന്‍റെ പിതാവിനെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. വടക്കഞ്ചേരി സ്വദേശി ടിറ്റോവിനെ പോലീസ് രാവിലെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഏഴേ മുക്കാലോടെ ഇടപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ചിന് മുന്നിലെത്തിയ കുടുംബം വളരെപെട്ടന്ന് തന്നെ പ്രദേശത്ത് നിന്ന് കടന്ന് കളയുകയായിരുന്നു.
ഏട്ടരയോടെ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാണ് പള്ളിയിലുള്ളവര്‍ സംഭവം അറിയുന്നത്. ഉടനെ തന്നെ ഉത്തരവാദിത്വപ്പെട്ടവര്‍ എളമക്കര പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഉടനെ എസ്‌ഐ പ്രജീഷും സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും കുടുംബത്തെ കണ്ടെത്താനായില്ല. പിന്നാലെ തൊട്ടടുത്തുള്ള എംഎജെ ആശുപത്രിയില്‍ നിന്ന് ആബുലന്‍സ് എത്തിച്ച് കൈക്കുഞ്ഞിനെ 9.30 ഓടെ, ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ കുഞ്ഞിന്‍റെ ആരോഗ്യത്തിന് പ്രശ്‌നങ്ങളില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ഏതാനം മാസങ്ങള്‍ക്ക് മുമ്പ് ഇടപ്പള്ളിയ്ക്ക് സമീപം അഞ്ചുമന ക്ഷേത്രത്തിന് അടുത്തായും ഒരു ചോര കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

