സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല; നിശ്ചയിച്ച പ്രകാരം തുടരുമെന്ന് കെടി ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച്‌ പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ പറഞ്ഞു. നിരീക്ഷണത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക പരീക്ഷനടത്തുമെന്നും ജലീല്‍ പറഞ്ഞു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. പരീക്ഷകള്‍ നടക്കട്ടെയെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷകള്‍ നടത്തുന്നതിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. ഇതോടൊപ്പം മൂല്യനിര്‍ണയ ക്യാംപുകളും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.നിലവില്‍ നടക്കുന്ന പരീക്ഷകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനായിരുന്നു യുജിസിയുടെ നിര്‍ദേശം. പരീക്ഷകള്‍ മാര്‍ച്ച്‌ 31ന് ശേഷം നടത്തുന്ന രീതിയില്‍ പുനഃക്രമീകരിക്കാം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 31 വരെ മൂല്യനിര്‍ണയ ക്യാമ്ബുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും കൃത്യമായി ആശയവിനിമയം നടത്തണമെന്നും ഇതിനായി ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെയോ രക്ഷിതാക്കളെയോ അധ്യാപകരെയോ ആശങ്കയിലാക്കരുതെന്നും സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അടിയന്തരമായി ഹെല്‍പ് ലൈന്‍ നമ്ബറുകള്‍ തുറക്കണമെന്നും യുജിസി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

prp

Leave a Reply

*