തിരുവനന്തപുരം: ലൈംഗീക പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന പെരുന്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കടുത്ത അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം.എല്‍ദോസ് കുന്നപ്പിള്ളിയുടെ സ്ത്രീ വിരുദ്ധ നിലപാടിനെ പരസ്യമായി തള്ളുന്ന കെപിസിസി നേതൃത്വം എല്‍ദോസിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്കു കടന്നേക്കും.
കടുത്ത അച്ചടക്ക നടപടികളിലേക്കു കടക്കുന്നതിനു മുന്നോടിയായി എല്‍ദോസ് കുന്നപ്പിള്ളിയോടു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വിശദീകരണം തേടി. 20നകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. ആരോപണ വിധേയന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും അച്ചടക്ക നടപടി സ്വീകരിക്കുക. എംഎല്‍എ എന്ന നിലയില്‍ കെപിസിസി അംഗം കൂടിയാണ് എല്‍ദോസ് കുന്നപ്പിള്ളി.
എല്‍ദോസിന്റെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നു വാദം കേള്‍ക്കുന്നുണ്ട്. കോടതി നിലപാടു കൂടി കോണ്‍ഗ്രസ് നേതൃത്വം കാക്കുന്നുണ്ട്. ഇതിനു ശേഷമാകും അച്ചടക്ക നടപടിയിലേക്കു കടക്കുന്നത്. എന്നാല്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് അടക്കമുള്ള ആവശ്യം പാര്‍ട്ടി ഇപ്പോള്‍ ഉന്നയിച്ചേക്കില്ല.
വിചാരണയ്ക്കുശേഷം കോടതി ശിക്ഷിച്ചാല്‍ മാത്രം അത്തരം നടപടികളിലേക്കു കടന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. എല്‍ദോസിന്റെ നടപടിക്കെതിരേ സിപിഎം നേതൃത്വം രംഗത്തു വന്നെങ്കിലും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം സിപിഎമ്മും ആവശ്യപ്പെട്ടിട്ടില്ല.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു ശേഷം കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അല്പം ഉണര്‍വുണ്ടായ സാഹചര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ഇത്തരമൊരു പരാതി ഉയര്‍ന്നതു പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയെന്നാണു വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു.
എല്‍ദോസിനെതിരേ ആരോപണം ഉയര്‍ന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയായില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വീഡിയോകളും ഏറെ അവമതിപ്പുണ്ടാക്കുന്നവയാണെന്നാണു പാര്‍ട്ടി നിലപാട്. പോലീസ് കേസെടുത്തതിനു പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളിയുമായി ബന്ധപ്പെടാന്‍ പാര്‍ട്ടി നേതാക്കള്‍ക്കും കഴിഞ്ഞിട്ടില്ല.
യുഡിഎഫിലും എല്‍ദോസ് വിഷയം ചര്‍ച്ചയാകും
ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്തിട്ടുള്ള യുഡിഎഫ് ഏകോപന സമിതി യോഗത്തിലും എല്‍ദോസ് കുന്നപ്പിള്ളി വിഷയം ചര്‍ച്ചയാകും. യുഡിഎഫ് പ്രതിനിധിയെന്ന നിലയിലാണ് പെരുന്പാവൂരില്നിന്നു എല്‍ദോസ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ദോസിനെതിരേ ഉയര്‍ന്ന പരാതിയില്‍ സ്വീകരിക്കുന്ന നിലപാട് യുഡിഎഫിനെ അറിയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ബാധ്യതയുണ്ട്.
ഏറെ നാളായിട്ടും യുഡിഎഫ് വിളിച്ചു ചേര്‍ക്കാത്ത സാഹചര്യത്തിലാണ് ഏകോപന സമിതി വിളിച്ചു ചേര്‍ക്കുന്നതെന്നാണു വിശദീകരണം. ഭാരത് ജോഡോ യാത്ര കേരളത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും എത്രമാത്രം ഗുണം ചെയ്തെന്ന അവലോകനവും യോഗത്തിലുണ്ടാകും. 18നു രാവിലെ 10.30നു കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുക.

