പാലക്കാട്: പാലക്കാട് ആന ഇടഞ്ഞോടി ക്ഷേത്രത്തിന് സമീപത്തെ കിണറ്റില്‍ വീണു ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് രാത്രി 8.45 ഓടെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ ആള്‍മറയില്ലാത്ത കിണറ്റിലേക്കു തലകുത്തി വീണത്.
ഉത്സവം കഴിഞ്ഞ ശേഷം നെറ്റിപ്പട്ടം അഴിച്ചു ആനയെ മടക്കി കൊണ്ടു പോകുമ്പോ ഴാണു സംഭവമെന്നു പോലീസ് പറഞ്ഞു. നീലിപ്പറമ്പില്‍ വിശ്വന്‍റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആന വീണത്. വീഴ്ചയില്‍ കൊമ്പുകള്‍ കിണറിന്‍റെ വശങ്ങളില്‍ കുത്തിക്കയറി.

എട്ടര മണിയോടെ ആനയുടെ ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ കാലുകള്‍ മേല്‍പ്പോട്ടായി വീണു കിടക്കുന്ന കാഴ്ചയാണു കണ്ടതെന്നു അയല്‍വാസി പറഞ്ഞു. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു.
നാട്ടുകാര്‍ അറിയിച്ചതോടെ സമീപപ്രദേശത്തുള്ള പാപ്പാന്മാരും സ്ഥലത്തെത്തി. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി ക്രെയിന്‍ ഉപയോഗിച്ചും മണ്ണു മാന്തി യന്ത്രം കൊണ്ട് കിണര്‍ ഇടിച്ചും നടത്തിയ ശ്രമത്തിനൊടുവില്‍ ചരിഞ്ഞ ആനയെ രാത്രി പത്തര മണിയോടെ പുറത്തെടുത്തു.

