ഇ ഐ എ ഡ്രാഫ്റ്റ് പിന്‍വലിക്കണം ; കേന്ദ്രത്തെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| രാജ്യത്തെ കൊള്ളയടിക്കാനായാണ് പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ വിജ്ഞാപനം (ഇ ഐ എ ഡ്രാഫ്റ്റ് 2020) കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരിസ്ഥിതി നാശം തടയുന്നതിനായി ഇത് പിന്‍വലിക്കണമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തി അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ കൊള്ളയും പരിസ്ഥിതി നാശവും തടയാന്‍ ഇ ഐ എ 2020 ഡ്രാഫ്റ്റ് പിന്‍വലിക്കണം- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തിന്റെ വിവിധ വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ബി ജെ പിയുടെ ചില സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് വിജ്ഞാപനം കൊണ്ടുവന്നതെന്നും ഇത് ഭീകരമാണെന്നും അദ്ദേഹം ആരോപിച്ചു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഇപ്പോള്‍ തയ്യാറാക്കിയ ഡ്രാഫ്റ്റ് അപമാനകരവും അപകടകരവുമാണ്. പാരിസ്ഥിതിക തകര്‍ച്ചയില്‍ നാമാവശേഷമാകുന്ന സമൂഹങ്ങളെ നിശബ്ദമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഇ ഐ എ ഡ്രാഫ്റ്റിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്, 1986ലെ പരിസ്ഥിത സംരക്ഷണ നിയമത്തിലെ പല പ്രധാന വ്യവസ്ഥകളും ഇ ഐ എ ഡ്രാഫ്റ്റ് ഇല്ലാതാക്കുമെന്നും ഇത് അപകടകരമെന്ന് മാത്രമല്ല നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പഠനം നല്‍കാതെ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് വിജ്ഞാപനം. പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തില്‍, പൊതു അഭിപ്രായം തേടിയിരുന്നു. വിജ്ഞാപനത്തിന് എതിരെ രാജ്യത്ത് വലിയ ക്യാമ്ബയിനാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. നാളെ വരെയാണ് ജനങ്ങള്‍ക്ക് വിജ്ഞാപനത്തില്‍ പ്രതികരണം രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിരിക്കുന്നത്.

prp

Leave a Reply

*