‘ദുല്‍ഖര്‍ സൂപ്പര്‍ സ്റ്റാര്‍ സ്റ്റാറ്റസിലേക്ക് പോയി കഴിഞ്ഞു’; വാനോളം പ്രശംസിച്ച്‌ സുരേഷ് ഷേണായി

ആറാം തമ്ബുരാനിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ഡം ഉറപ്പിച്ചപോലെ കുറുപ്പ് പുറത്തിറങ്ങിയതിലൂടെ ദുല്‍ഖര്‍ സൂപ്പര്‍ സ്റ്റാര്‍ സ്റ്റാറ്റസിലേക്ക് പോയി കഴിഞ്ഞതായി ഷേണായ്‌സ് തിയറ്റര്‍ മാനേജിങ്ങ് പാര്‍ട്ണര്‍ സുരേഷ് ഷേണായി.

കുറുപ്പിന് മറ്റു ഭാഷകളിലൊന്നും എതിരാളികളുണ്ടായില്ലെന്നും അതൊരു ദൈവ നിശ്ചയമായി തന്നെ കാണുന്നതായും സുരേഷ് ഷേണായി പറഞ്ഞു. കേരളത്തിലെ 505 തിയറ്ററുകളിലാണ് കഴിഞ്ഞ ദിവസം കുറുപ്പ് റിലീസ് ചെയ്തത്.

സത്യന്‍ അന്തിക്കാടിന്‍റെ വരനെ ആവശ്യമുണ്ടെന്ന ചിത്രമാണ് ദുല്‍ഖറിന്‍റെതായി അവസാനം വന്ന ചിത്രം. അതിന് ശേഷം അദ്ദേഹത്തിന്‍റെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് കുറുപ്പ് വരുന്നത്. അതൊരു സൂപ്പര്‍ ഹിറ്റിലേക്ക് ഫസ്റ്റ് ഡേ തന്നെ ഡിക്ലയര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുറുപ്പിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും ഹൌസ് ഫുള്‍ ആയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ അരങ്ങേറ്റചിത്രമായ ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്. ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ല്‍ ദുല്‍ഖറിന്‍റെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

prp

Leave a Reply

*