മദ്യത്തിന്​ പകരം സാനിറ്റൈസര്‍; ആന്ധ്രപ്രദേശില്‍ ഒമ്ബത്​ പേര്‍ മരിച്ചു

അമരാവതി: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ സാനിറ്റൈസര്‍ കുടിച്ച്‌​ ഒമ്ബത്​ പേര്‍ ​മരിച്ചു. ദിവസങ്ങളായി വെള്ളത്തിനും സോഫ്​റ്റ്​ ഡ്രിങ്ക്​സിനുമൊപ്പം ചേര്‍ത്ത്​ സാനിറ്റൈസര്‍ കുടിച്ച ഒമ്ബത്​ പേരാണ്​ മരിച്ച​െതന്ന്​ ജില്ലാ പൊലീസ്​ സുപ്രണ്ട്​ സിദ്ധാര്‍ഥ്​ കൗശല്‍ പറഞ്ഞു. സാനിറ്റൈസറിനൊപ്പം മറ്റ്​ വല്ല പദാര്‍ഥങ്ങളും കലര്‍ത്തിയിട്ടുണ്ടോയെന്നതും പരിശോധിച്ച്‌​ വരികയാണെന്ന്​ അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 10 ദിവസമായി ഇവര്‍ സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നുവെന്ന്​ കുടുംബാംഗങ്ങള്‍ പറഞ്ഞതായി പൊലീസ്​ അറിയിച്ചു. പ്രദേശത്ത്​ സാനിറ്റൈസര്‍ വലിയ രീതിയില്‍ വിറ്റുപോയിട്ടുണ്ട്​. ലോക്​ഡൗണിനെ തുടര്‍ന്ന്​ മദ്യഷോപ്പുകള്‍ അടച്ചതോടെയാണ്​ പകരം സാനിറ്റൈസര്‍ ജനങ്ങള്‍ ഉപയോഗിച്ച്‌​ തുടങ്ങിയതെന്ന്​ പൊലീസ്​ അറിയിച്ചു.

ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന രണ്ട്​ ഭിക്ഷാടകര്‍ വ്യാഴാഴ്​ച കുഴഞ്ഞു വീണതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. തുടര്‍ന്ന്​ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമാനലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഏഴ്​ പേര്‍ കൂടി വെള്ളിയാഴ്​ച രാവിലെ മരിക്കുകയായിരുന്നു

prp

Leave a Reply

*