പരിശോധന കടുപ്പിച്ച്‌ കര്‍ണാടക രണ്ട് ഡോസ് എടുത്തവര്‍ക്കുംസര്‍ട്ടിഫിക്കറ്റ് വേണം, തലപ്പാടിയില്‍ 15 അംഗ മെഡിക്കല്‍ സംഘം

കാസര്‍കോട്: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ പരിശോധന കടുപ്പിച്ച്‌ കര്‍ണാടക. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യാമെന്ന് കര്‍ണാടക നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ന് അതിന് മാറ്റം വരുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്ര് കൂടി ഉണ്ടെങ്കിലേ യാത്ര അനുവദിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ എത്തുന്ന മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തലപ്പാടി അതിര്‍ത്തിയില്‍ 15 അംഗ മെഡിക്കല്‍ സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു. രാവിലെ മുതല്‍ ഈ സംഘം യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയാണ്. അതിനിടെ,​ ദക്ഷിണ കന്നട, കാസര്‍കോട് ജില്ലാ അന്തര്‍സംസ്ഥാന ബസ് ഗതാഗതം ഏഴു വരെ വിലക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ കാസര്‍കോട് ഡിപ്പോയില്‍ യാത്ര അവസാനിപ്പിച്ചു. ദക്ഷിണ കര്‍ണാടക ജില്ലയില്‍ ബസ് ഗതാഗതം നിരോധിച്ചതിനാലാണ് കേരള ബസുകളും ഓട്ടം നിര്‍ത്തിയത്. ദക്ഷിണ കന്നട എം.പി. നളിന്‍കുമാര്‍ കട്ടീലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. ദക്ഷിണ കനറാ ജില്ലയില്‍ ആഗസ്‌റ്റ് 10 വരെ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ആഘോഷങ്ങള്‍, ആരാധന, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ എന്നിവയ്‌ക്ക് നിയന്ത്രണമുണ്ട്. വിവാഹത്തില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. കാസര്‍കോട്​​-മംഗളൂരു സ്ഥിരം യാത്രക്കാര്‍ ആഴ്ചയില്‍ ഒരു തവണ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാവണം. ദക്ഷിണ കന്നട ജില്ലയില്‍ ഹോസ്‌റ്റലില്‍ തങ്ങാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം.

കര്‍ണാടകയുമായുള്ള ജില്ലയുടെ ഏഴ് അതിര്‍ത്തികളിലും വഴിയടച്ച്‌ പരിശോധന തുടങ്ങി. തലപ്പാടി, അഡ്ക സ്ഥല, ജാല്‍സൂര്‍, മാണിമൂല, മുളിഗദ്ദെ തുടങ്ങിയ അതിര്‍ത്തികളിലാണ് കര്‍ണാടക പൊലീസ് പരിശോന തുടങ്ങിയത്. ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടക്ടര്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.

prp

Leave a Reply

*