ദിവ്യ സ്പന്ദന കോണ്‍ഗ്രസ് നവമാധ്യമ പ്രചാരക സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ നവമാധ്യമ പ്രചാരക മേധാവി സ്ഥാനം ദിവ്യ സ്പന്ദന (രമ്യ) രാജിവച്ചു. പാര്‍ട്ടിയില്‍ കൂടുതല്‍ ഉയര്‍ന്ന പദവി ദിവ്യയ്ക്ക് ലഭിക്കുന്നതിന് മുന്നോടിയായാണ് രാജിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് ട്വിറ്ററിലൂടെ വിളിച്ചതിന് ദിവ്യയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി മൗനം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ദിവ്യയുടെ പ്രതികരണം. ട്വീറ്റിന് പിന്നാലെ ലക്നോവില്‍ നിന്നുള്ള അഭിഭാഷകന്‍ സയിദ് റിസ്വാന്‍ അഹമ്മദ് രമ്യയ്ക്കെതിരേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിക്കുന്നതാണ് രമ്യയുടെ പരാമര്‍ശമെന്നായിരുന്നു പരാതി.

പ്രധാനമന്ത്രിക്കും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ അതിരൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ കാലങ്ങളില്‍ ദിവ്യ നവമാധ്യമങ്ങള്‍ വഴി നടത്തിയിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജ് കൈകാര്യം ചെയ്യുന്നതും ദിവ്യയാണെന്ന് പ്രചാരണമുണ്ടായിരുന്നു. നവമാധ്യമങ്ങള്‍ വഴി ദിവ്യയുടെ നേതൃത്വത്തില്‍ നടന്ന പ്രചരണങ്ങള്‍ കോണ്‍ഗ്രസിന് മികച്ച സ്വീകാര്യതയും സമ്മാനിച്ചിരുന്നു. ഇതിനിടെയാണ് ദിവ്യയുടെ രാജിയുണ്ടായത്.

2013-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും ദിവ്യ ഒരു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അതേമണ്ഡലത്തില്‍ ദിവ്യ തോല്‍വി രുചിച്ചു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ദിവ്യ ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം തള്ളിയാണ് ദിവ്യ കോണ്‍ഗ്രസിന്‍റെ നവമാധ്യമ മുഖമായി തുടര്‍ന്നത്.

prp

Related posts

Leave a Reply

*