ഓ ദൈവമേ…ഒരാളെയെങ്കിലും ജീവനോടെ തിരികെ തരൂ -ഭൂകമ്ബത്തില്‍ ആറു കുട്ടികളെ നഷ്ടമായ പിതാവിന്റെ വിലാപം

ഡമസ്കസ്: പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളുമെല്ലാം സാധാരണ ജനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ദുരിത ബാധിതരാക്കുന്നത്.

ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടതിന്റെ വേദനയാണ് സിറിയയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഉയരുന്നത്. അതിലൊരാളാണ് സിറിയയിലെ ജോന്‍ദാരില്‍ താമസിക്കുന്ന നാസര്‍ അല്‍ വാക്ക. നാസറിന്റെ രണ്ടു കുട്ടികളെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ജീവനോടെ പുറത്തെടുത്തു.

കടുത്ത പൊടിപടലങ്ങളും തണുപ്പും വകവെക്കാതെ കൂരിരുട്ടില്‍ രക്ഷാപ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് പാളികളില്‍ പെട്ട കുട്ടികളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കും മെറ്റല്‍കൂമ്ബാരങ്ങള്‍ക്കുമിടയിലിരുന്ന് നാസര്‍ തന്റെ ഭാര്യയെയും മരിച്ച മറ്റ് കുട്ടികളെയും ഓര്‍ത്ത് വിലപിക്കുകയാണ്. മൂന്നു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമടക്കം ആറു മക്കളെയാണ് നാസറിന് നഷ്ടപ്പെട്ടത്. ആഭ്യന്തരയുദ്ധകാലത്ത് സിറിയയിലെ ബോംബാക്രമണങ്ങള്‍ അതിജീവിച്ച വ്യക്തിയാണ് ഇദ്ദേഹം. എന്നാല്‍ ഭൂകമ്ബം കുടുംബത്തെ ഛിന്നഭിന്നമാക്കി കളഞ്ഞു.

ഭൂകമ്ബമുണ്ടായപ്പോള്‍ ഞാന്‍ പുറത്തേക്ക് ഓടി…ദൈവമേ എന്റെ മക്കളില്‍ ഒരാളെയെങ്കിലും ജീവനോടെ തരൂ…എന്നായിരുന്നു നാസറിന്റെ വിലാപം. അദ്ദേഹത്തിന്റെ മൂത്തമകള്‍ ഹീബയുടെ കൈയെഴുത്തുള്ള ഒരു കടലാസു കഷണം നാസറിന്റെ കൈവശമുണ്ട്. ഹീബയുടെ മടിയിലാണ് സഹോദരി ഇസ്ര കിടക്കുന്നത്. ഇവരുടെ മറ്റൊരു സഹോദരിയായ സമീഹയും തൊട്ടരികിലുണ്ട്. മൂവരും നിശ്ചലമായി കിടക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതാണ്. തന്റെ കുഞ്ഞിന്റെ മൃതദേഹം വെള്ളത്തുണിയില്‍ പൊതിഞ്ഞ് അടക്കുന്നതിനും ആ പിതാവ് സാക്ഷിയായി.

തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 24000 കടന്നിരിക്കുകയാണ്. തുര്‍ക്കി നഗരമായ ജന്‍ദാരിസിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. സിറിയയില്‍ വിമതരുടെ അധീനതയിലുള്ള നഗരങ്ങളിലാണ് നാശനഷ്ടം കൂടുതലും.

prp

Leave a Reply

*