പാര്‍വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസ്; പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: നടി പാര്‍വതിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ പോലീസ് പിടിയിലായ പ്രതിക്ക് ജാമ്യം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്‍റോയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്  ജാമ്യം അനുവദിച്ചത്.

10,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിന്മേലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന ശനിയാഴ്ചകളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഐ.ടി. ആക്‌ട് 67, 67എ, ഐ.പി.സി. 507, 509 എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍, 67 എ പ്രകാരം ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

കേസില്‍ ഇന്ന് ഒരാള്‍ കൂടി പിടിയിലായി. കോളജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം പ്രിന്‍റോക്ക് പിന്തുണയുമായി കസബയുടെ സംവിധായകന്‍ ജോബി ജോര്‍ജ് രംഗത്ത്. ലോകത്തിന്‍റെ ഏത് കോണില്‍ വേണമെങ്കിലും നിനക്ക് ജോലി നല്‍കാമെന്ന് ജോബി പറയുന്നു. ജോബിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഒരു കമന്‍റാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതുവരെ നിര്‍മാതാവ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

prp

Related posts

Leave a Reply

*