സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; ശര്‍മക്കെതിരെ കരുനീക്കവുമായി ഔദ്യോഗിക പക്ഷം

പറവൂര്‍: സി.പി.എമ്മില്‍ വിഭാഗീയത വീണ്ടും തലപൊക്കി. മുന്‍ മന്ത്രി എസ്. ശര്‍മക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങളാണ് ജില്ല നേതൃത്വത്തി‍െന്‍റ ഒത്താശയോടെ നേതാക്കള്‍ നടത്തുന്നത്.

ജില്ലയില്‍ പിടിമുറുക്കുന്നതി‍െന്‍റ ഭാഗമായി ശര്‍മ കൂടുതല്‍ സജീവമായതാണ് നേതാക്കളെ അലോസരപ്പെടുത്തുന്നത്. പള്ളിയാക്കല്‍ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എല്‍.ഡി.എഫ് പാനലില്‍ വിജയിച്ച ശര്‍മയുടെ സഹോദരനായ ജയചന്ദ്രന് പ്രസിഡന്‍റ് സ്ഥാനം നല്‍കാതെ തഴഞ്ഞത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായി.

മത്സരിക്കുന്നില്ലെന്ന് അറിയിച്ച്‌ മാറിനിന്ന ജയചന്ദ്രനെ നിര്‍ബന്ധിച്ച്‌ മത്സരിപ്പിക്കുകയും വിജയിച്ചശേഷം അവഗണിക്കുകയുമായിരുന്നു. ഇത് പാര്‍ട്ടി അണികളില്‍ അതൃപ്തിക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ബാങ്കി‍െന്‍റ നേതൃത്വത്തില്‍ പല പദ്ധതികള്‍ക്കും തുടക്കം കുറിച്ച ജയചന്ദ്രന് പ്രസിഡന്‍റ് സ്ഥാനം നിഷേധിക്കുകയും പുതിയ ഭരണസമിതിയിലേക്ക് ഇത്തവണ തെരഞ്ഞെടുത്ത എ.സി. ഷാനെ പ്രസിഡന്‍റാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്‌ ജയചന്ദ്രന്‍ ഭരണസമിതിയംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് നല്‍കിയതായി അറിയുന്നു.

ഏരിയ കമ്മിറ്റിയിലെ മറ്റൊരു സഹകരണ ബാങ്ക് ഭരണസമിതിയംഗത്തി‍െന്‍റ വാശിയും നിര്‍ബന്ധബുദ്ധിയുമാണ് ജയചന്ദ്രനെ തഴയാന്‍ ഇടയാക്കിയതെന്നും പറയുന്നു. എസ്. ശര്‍മയുമായി ശത്രുത പുലര്‍ത്തുന്ന ചിലരും പിന്നില്‍നിന്ന് ചരടുവലിച്ചു. ഏറ്റവും കൂടുതല്‍ വോട്ടോടെ വിജയിച്ച ജയചന്ദ്രനെ വെട്ടിയാണ് ഷാനെ പ്രസിഡന്‍റ് പദവിയില്‍ അവരോധിച്ചത്.

ശര്‍മയുടെ നേതൃത്വത്തില്‍ ഈയിടെ ചില പരിപാടികള്‍ സംഘടിപ്പിച്ചതാണ് ജില്ല – ഏരിയ നേതാക്കളെ ചൊടിപ്പിക്കാന്‍ കാരണം. കേസരി എ. ബാലകൃഷ്ണപിള്ളയുടെ 133ാമത് ജന്മദിനാഘോഷത്തി‍െന്‍റ മുഖ്യ സംഘാടകന്‍ ശര്‍മയായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ പറവൂരില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരസ്മൃതി സംഗമത്തി‍െന്‍റ മുഖ്യസംഘാടകനും ശര്‍മയായിരുന്നു.

ഈ പരിപാടികളിലേക്കൊന്നും ജില്ലയില്‍ നിന്നുള്ള മന്ത്രിയെയോ മുതിര്‍ന്ന സി.പി.എം നേതാക്കളെയോ പങ്കെടുപ്പിക്കാഞ്ഞതാണ് കാരണമായി പറയുന്നത്. പറവൂരില്‍ പല പൊതുപരിപാടികളിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട യോഗങ്ങളിലും കുറച്ചു നാളായി ശര്‍മ സജീവമാണ്. ഇത് വളര്‍ന്നുവരുന്ന ചില നേതാക്കള്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. പാര്‍ട്ടിക്കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം ശര്‍മ വിശ്രമിക്കട്ടെ എന്നാണ് അവരുടെ നിലപാട്.

prp

Leave a Reply

*