സിപിഐഎം കൗണ്‍സിലറുടെ വാഹനത്തിലെ ലഹരിക്കടത്തില്‍ ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു.
ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്.
സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഷാനവാസിനെ വിളിച്ചുവരുത്തി ഡിവൈഎസ്പി ചോദ്യം ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ ഷാനവാസ് നിഷേധിച്ചു.
ഏരിയാ കമ്മറ്റി അംഗം എന്ന നിലയില്‍ പലരും തന്നെ ബന്ധപ്പെട്ടിരിക്കാം. സുഹൃത്തുക്കള്‍ ആണ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. അതിലുള്‍പ്പെട്ട ചിലര്‍ക്ക് ലഹരിക്കടത്തുള്ളതായി അറിയില്ലായിരുന്നു.
അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍പും സമാന കേസില്‍ പിടിയിലായിട്ടുണ്ട്. അന്ന് ഒരു നടപടിയും പാര്‍ട്ടി ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നും ഷാനവാസ് മൊഴി നല്‍കി.
സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം.
തുമ്ബോളി, ആലിശ്ശേരി ലോക്കല്‍ കമ്മറ്റി അംഗങ്ങളും ആലപ്പുഴ സൗത്ത് ഏരിയാ കമ്മറ്റി അംഗവുമാണ് ഷാനവാസിനെതിരെ പരാതി നല്‍കിയത്. സിപിഐഎം കമ്മീഷന്‍ അന്വേഷണവും പുരോഗമിക്കുകയാണ്.
കമ്മിഷന്‍ ഫെബ്രുവരി മധ്യത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൊലിസ് അന്വേഷണ റിപ്പോര്‍ട്ടുകളും ഗൗരവത്തിലെടുക്കുമെന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഷാനവാസിനെതിരെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

