ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ പദ്ധതിയിലെ നിര്‍ണ്ണായക നാഴികക്കല്ല് പിന്നിട്ട ഇന്ത്യയുടെ നേട്ടത്തെ പ്രകീര്‍ത്തിച്ച് ലോക നേതാക്കള്‍. അടിയന്തര ഉപയോഗത്തിന് രണ്ട് ഇന്ത്യന്‍ വാക്സിനുകള്‍ക്ക് നിയന്ത്രിത അനുമതി ലഭ്യമായ സാഹചര്യത്തിലാണ് ശാസ്ത്ര മേഖലയിലെ ഇന്ത്യന്‍ കുതിപ്പിന് അഭിനന്ദനങ്ങളുമായി ലോക നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.
ശാസ്ത്രീയ നേട്ടങ്ങളിലും വാക്സിന്‍ നിര്‍മ്മാണ പ്രക്രിയയിലുമുള്ള ഇന്ത്യയുടെ അതുല്യ നേതൃത്വം മഹത്തരമാണെന്നായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ പ്രതികരണം. മഹാമാരിയെ നേരിടാനുള്ള ലോകത്തിന്റെ പരിശ്രമങ്ങള്‍ക്ക് മുതല്‍കൂട്ടാണ് ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ബില്‍ ഗേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുകയും സുധീരമായി മുന്നോട്ട് പോകുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ പാരമ്ബര്യം. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദകര്‍ എന്ന നിലയില്‍ ഇന്ത്യ അന്താരാഷ്ട്ര ആരോഗ്യ രംഗത്തെ വന്‍ ശക്തിയാണ്. ഒരുമിച്ച് നിന്നാല്‍ ലോകത്തെ ഈ മഹാമാരിയില്‍ നിന്ന് കരകയറ്റാന്‍ വേഗത്തില്‍ സാധിക്കും. അതിനായി ഇന്ത്യക്ക് ഹസ്തദാനം ചെയ്യുകയാണ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധനോം വ്യക്തമാക്കിയത്.
ആവേശകരമായ പോരാട്ടത്തിലെ നിര്‍ണ്ണായക വഴിത്തിരിവ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന്‍ നേട്ടത്തെ വിശേഷിപ്പിച്ചത്. ആരോഗ്യകരമായ, കൊവിഡ് മുക്തമായ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടു വയ്പാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും രാജ്യത്തിനാകെയും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ്-19 വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് ബ്രസീല്‍ അറിയിച്ചു. ഇന്ത്യന്‍ ഔഷധ നിര്‍മ്മാണ കമ്ബനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ലഭ്യമാക്കാന്‍ ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദ ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക് തീരുമാനിച്ചു.
ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദകര്‍ എന്ന നിലയില്‍ ഇന്ത്യക്ക് ലോകാരോഗ്യ ഭൂപടത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. ഇന്ത്യ നിര്‍മ്മിക്കുന്ന വാക്സിന്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും അത് ഈ പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തിന് ഇന്ത്യ നല്‍കുന്ന സംഭാവനയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.Dailyhunt

