ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,68,912 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 1,35,27,717 ആയി ഉയര്‍ന്നു. 12,01,009 സജീവ കേസുകളാണുള്ളത്. 1,21,56,529 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
904 കോവിഡ് മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 1,70,179 ആയി ഉയര്‍ന്നു. ഇതുവരെ 10,45,28,565 പേര്‍ക്കാണു കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയത്. രാജ്യത്ത് കോവിഡ് സ്ഥിതി ദിനംപ്രതി വഷളാവുന്നത് ഓഹരി വിപണിയെയും ബാധിക്കുകയാണ്. സെന്‍സെക്സ് ഇന്ന് 900 പോയിന്റ് ഇടിഞ്ഞു.
ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി രൂക്ഷമായ ജില്ലകളില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അയച്ച സംഘങ്ങള്‍ സന്ദര്‍ശം നടത്തിയിരുന്നു. സംസ്ഥാനങ്ങളിലെ ചില നിശ്ചിത പ്രശ്നങ്ങള്‍ സംഘങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയിലെ മൂന്നു ജില്ലകളില്‍ ആശുപത്രികള്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. മറ്റു മൂന്നു ജില്ലകളില്‍ ഓക്സിജന്‍ വിതരണത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നു. രണ്ട് ജില്ലകളില്‍ വെന്റിലേറ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തി.
പഞ്ചാബിലെ രണ്ട് ജില്ലകളില്‍ സമര്‍പ്പിത കോവിഡ് ആശുപത്രികളില്ല. മൂന്ന് ജില്ലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ട്. ഒരിടത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റിങ് ലാബ് ഇല്ല. ഛത്തീസ്ഗഡില്‍ മൂന്ന് ജില്ലകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കുറവുണ്ട്. നാല് ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. തലസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത പരിമിതമാണ്.
കേന്ദ്രസംഘങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് ആരോഗ്യ സെക്രട്ടറിമാര്‍ക്ക് പ്രത്യേകം കത്തെഴുതി. ആരോഗ്യ പ്രവര്‍ത്തകരെ കരാടിസ്ഥാനത്തില്‍ നിയമിക്കുക, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങള്‍ അദ്ദേഹം കത്തില്‍ ഉന്നയിച്ചു.
രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ കഴിഞ്ഞയാഴച പ്രധാനമന്ത്രി നന്ദ്രേ മോദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനങ്ങളിലേക്കു വിദഗ്ധ സംഘത്തെ അയച്ചത്.

