തൂങ്ങി മരിച്ചതല്ല, തൂക്കി കൊന്നത്; ഒളിവില്‍ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചു. ആ നേതാവിന്‍്റെ പേര് ഇപ്പോള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ല; കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊന്ന കേസിലെ പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍്റ് കെ.സുധാകരന്‍. യാദൃശ്ചികമായുണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ് കൊല്ലപ്പെട്ടത്. ഒളിവില്‍ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചു. ആ നേതാവിന്‍്റെ പേര് ഇപ്പോള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ല.

അതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റ് പ്രതികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് രണ്ടാം പ്രതി ബോധരഹിതനായി വീണു. ഇതോടെ മറ്റു പ്രതികള്‍ രതീഷിനെ കെട്ടി തൂക്കുകയാണ് ചെയ്തത്. ഇതാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും ലഭിച്ച വ്യക്തമായ രഹസ്യ വിവരത്തിന്‍്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

തൂങ്ങി മരിക്കുന്നതിന് മുന്‍പേ തന്നെ കൂലോത്ത് രതീഷ് കൊലപ്പെട്ടിരുന്നുവെന്നാണ് പൊലീസിന്‍്റേയും നിഗമനം. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മേലെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. വടകര എസ്.പി നേരിട്ടാണ് ഫോറന്‍സിക് വിദഗ്ദ്ധറുമായി ചേര്‍ന്ന് കേസില്‍ അന്വേഷണം നടത്തുന്നത്.

സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റിലുള്ളവരാണ് പ്രതികളായി വരാറുള്ളത്. എന്നാല്‍ ടി.പി.ചന്ദ്രശേഖരന്‍്റെ കൊലപാതകത്തോടെയാണ് ഈ രീതിക്ക് മാറ്റം വരുന്നത്. മന്‍സൂര്‍ വധക്കേസിലെ കൊലയാളികളെല്ലാം തന്നെ കൊല്ലപ്പെട്ടയാളുടെ സമീപത്തെ വീടുകളില്‍ താമസിക്കുന്നവരാണ്.

മന്‍സൂറിനേയും സഹോദരന്‍ മുഹസിനേയും പ്രതികള്‍ ആക്രമിക്കുന്നതിന് നിരവധി സാക്ഷികളുമുണ്ട്. ഇവരുടെയെല്ലാം പേരുകള്‍ മുഹസിനും കുടുംബവും സംഭവത്തിന് സാക്ഷിയായ അയല്‍വാസികളും മാധ്യമങ്ങളോട് അടക്കം വെളിപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ പങ്കെടുത്തവരുടെ മുഴുവന്‍ വിവരങ്ങളും ഈ രീതിയില്‍ പുറത്തു വന്നതോടെ ഇവരെയെല്ലാം പൊലീസിന് അറസ്റ്റ് ചെയ്തേ മതിയാവൂ. കൊലപാതകം നടക്കുന്നതിന് തൊട്ടുമുന്‍പാണ് കൂലോത്ത് രതീഷ് കൊലപ്പെട്ടത് എന്ന നിലയ്ക്കാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.

കൂട്ടുപ്രതികളുടെ സാന്നിധ്യത്തിലാവും രതീഷ് കൊല്ലപ്പെട്ടതെന്നും അതിനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പൊലീസ് വിലയിരുത്തുന്നു.

രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുവണ്ടി തോട്ടത്തില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയത് രതീഷിനൊപ്പം പ്രതികളെല്ലാം ഇവിടെയുണ്ടായിരുന്നു എന്ന വിവരത്തിന്‍്റെ അടിസ്ഥാനത്തിലാണ്.

രതീഷിന്‍്റെ കൊലയ്ക്ക് ശേഷം ഒപ്പമുണ്ടായിരുന്ന പ്രതികളെ കോഴിക്കോട്ടെ മലയോരമേഖലയിലേക്ക് മാറ്റി എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയും, ബ്രാഞ്ച് സെക്രട്ടറിയുമടക്കമുള്ള പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്.

prp

Leave a Reply

*