ഫ്രാന്‍സില്‍ എട്ട് കേസുകള്‍; കാനഡയില്‍ രണ്ട്; ബ്രിട്ടനിലേത് മൂന്നായി; ക്വാറന്റൈന്‍ ലംഘിച്ച്‌ വിമാനം കയറിയ ദമ്ബതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച്‌ ഡച്ച്‌ പൊലീസ്; ബ്രിട്ടന്‍ തങ്ങളെ ചതിച്ചെന്ന് വിലപിച്ച്‌ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട്; ഒമിക്രോണ്‍ ഭീതിയില്‍ വാതിലുകള്‍ അടച്ച്‌ ലോക രാജ്യങ്ങള്‍

2020 ആരംഭത്തില്‍ ഉണ്ടായ പ്രതീതിയാണ് ലോകം മുഴുവന്‍ ഇപ്പോള്‍ നില്‍ക്കുന്നത്.
എന്താണ് കൊറോണയെന്നറിയാതെ പകച്ചു നിന്ന ലോകം പിന്നെ ഒന്നു രണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വാതിലുകള്‍ കൊട്ടിയടച്ച്‌ വീടുകള്‍ക്കുള്ളിലേക്ക് ഒതുങ്ങുകയായിരുന്നു. അതിഭീകരമെന്ന് വിശ്വസിക്കപ്പെടുന്ന കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തുടരുമ്ബോഴും അതേ അവസ്ഥയാണിപ്പോള്‍ ഉള്ളത്. എത്രമാത്രം ഭീകരമാണെന്നോ എങ്ങനെ നേരിടണമെന്നോ അറിയാതെ പകച്ചു നില്‍ക്കുകയാണ് ലോകം. എങ്കിലും വാക്സിനുകള്‍ കൊണ്ടും മറ്റ് നിയന്ത്രണങ്ങള്‍കൊണ്ടും ഈ ഭീകര വൈറസിനെ നിയന്ത്രിക്കാന്‍ ലോകം അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു.

ഇന്നലെ കൂടുതല്‍ ലോക രാജ്യങ്ങളില്‍ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് ഇപ്പോള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. മറ്റു വകഭേദങ്ങളേക്കാള്‍ അതിവ്യാപനശേഷിയുള്ളതാകാന്‍ സാദ്ധ്യതയുള്ളതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്‌ച്ച വിശേഷിപ്പിച്ച ഓമിക്രോണിന്റെ സാന്നിദ്ധ്യം ഇപ്പോള്‍ ആസ്ട്രേലിയ, ബെല്‍ജിയം, ബോത്സ്വാന, ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, ജര്‍മ്മനി, ഹോംങ്കോംഗ്, ഇസ്രയേല്‍, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ്, കാനഡ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ച വരെ വെറും നാലു രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നത്.

2020-നെ അനുസ്മരിപ്പിക്കുന്ന മറ്റൊരു സമ്ബൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് ലോകം പോകുമോ എന്ന ആശങ്കയുയര്‍ത്തി കൂടുതല്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കടുത്ത നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത് ഇസ്രയേല്‍ ആണ്. വിദേശികളെ, അവര്‍ ഏതു രാജ്യകാരായാലും ഇസ്രയേലില്‍ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല എന്നതാണ് ഒമിക്രോണ്‍ നിയന്ത്രണത്തിനായി ഇസ്രയേല്‍ എടുത്തിരിക്കുന്ന ഒരു നടപടി. ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന, അതീവ കാര്യക്ഷമമായ ഫോണ്‍ ട്രാക്കിങ് സിസ്റ്റം കോവിഡ് രോഗികളെ കണ്ടെത്താനും ഉപയോഗിക്കും.

അടുത്ത 14 ദിവസത്തേക്കാണ് ഈ നിയന്ത്രണം എന്നാണ് പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് പറഞ്ഞു. അതിനകം, വാക്സിനുകള്‍ ഈ വകഭേദത്തേ നേരിടുന്നതില്‍ എത്രമാത്രം കാര്യക്ഷമമാണെന്ന വസ്തുത അറിയാനാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദേശങ്ങളില്‍ നിന്നുള്ള ഇസ്രയേലി പൗരന്മാര്‍ തിരികെ എത്തിയാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. മറ്റു പലരാജ്യങ്ങളിലും ക്വാറന്റൈന്‍ വീണ്ടും നിര്‍ബന്ധമാക്കുകയാണ്.

ഇന്നലെ ഒമിക്രോണ്‍ ക്വാറന്റൈന്‍ ഹോട്ടലില്‍ നിന്നും ഒളിച്ചു കടന്ന് ഹോളണ്ടിന് പുറത്തേക്കുള്ള വിമാനത്തില്‍ കയറിയ ദമ്ബതിമാരെ ഡച്ച്‌ പൊലീസ് അറസ്റ്റ്ചെയ്തു. ദക്ഷിണഫ്രിക്കയില്‍ നിന്നുമെത്തിയ കോവിഡ് രോഗികള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കുന്ന ഹോട്ടലില്‍ നിന്നും ഒളിച്ചുകടന്ന് ഇവര്‍ ഷിഫോള്‍ വിമാനത്താവളത്തിലെത്തിയാണ് വിമാനം കയറിയത്. ആ സമയത്താണ് ഡച്ച്‌ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. വിമാനം പറന്നുയരുന്നതിനു തൊട്ടു മുന്‍പായിരുന്നു അറസ്റ്റ്.

അതേസമയം കോമിക്രോണ്‍ ആകാന്‍ സാദ്ധ്യതയുള്ള എട്ട് കേസുകള്‍ രാജ്യത്ത് കണ്ടെത്തിയതായി ഇന്നലെ ഫ്രഞ്ച് ആരോഗ്യകാര മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തി. അതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സും. അതോടൊപ്പം കാനഡയില്‍ രണ്ടു രോഗികളില്‍ ഒമിക്രോണിന്റെ സാന്നിദ്ധയം സ്ഥിരീകരിച്ചതായി കനേഡിയന്‍ ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കോവിഡിന്റെ അഞ്ചാം തരംഗത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഫ്രാന്‍സില്‍ ഇപ്പോള്‍ രോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.അതിനിടയില്‍, അതിവ്യാപനശേഷിയുള്ളതെന്ന് സംശയിക്കപ്പെടുന്ന ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കാനഡയില്‍ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രണ്ടുപേര്‍ക്കുംനൈജീരിയന്‍ യാത്രക്കിടയിലാണ് കോവിഡ് ബാധ ഉണ്ടായത്. അതുപോലെ നെതര്‍ലാന്‍ഡ്സിലെ ആദ്യ ഓമിക്രോണ്‍ രോഗിക്ക് തുര്‍ക്കി- ഈജിപ്ത് യാത്രകള്‍ക്ക് ശേഷമാണ് കോവിഡ് ബാധയുണ്ടായത്. ഇതെല്ലാം തെളിയിക്കുന്നത് ഇതിനോടകം തന്നെ ലോകത്തിന്റെ എല്ലാ മൂലകളിലും ഈ അതിഭീകര വകഭേദം എത്തിക്കഴിഞ്ഞിരിക്കാമെന്നാണ്. ചില രാജ്യങ്ങളീല്‍ മാത്രമേ കണ്ടെത്താനായുള്ളു എന്നത് വാസ്തവം തന്നെയാണെങ്കിലും.

ഇത്തവണയും യൂറോപ്പില്‍ ക്രിസ്ത്മസ്സ് ആഘോഷങ്ങള്‍ അവതാളത്തിലായേക്കുമെന്നതിന്റെ ആദ്യ സൂചനകള്‍ ലഭിച്ചു തുടങ്ങി. പുതിയ വകഭേദത്തിന്റെ വ്യാപനം ആശങ്കയുയര്‍ത്തിയതോടെ എല്ലാ ബ്രിട്ടീഷുകാരെയും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് സ്വിറ്റ്സര്‍ലാന്‍ഡ് ഉത്തരവിറക്കി. ഉടന്‍ തന്നെ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്യും. സ്വിസ്സ് പൗരന്മാര്‍ക്കും, പെര്‍മെനന്റ് റെസിഡന്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമായിരിക്കും സ്വിറ്റ്സര്‍ലാന്‍ഡില്‍ പ്രവേശിക്കാന്‍ കഴിയുക. എന്നാല്‍, യാത്രക്ക് മുന്‍പായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. മാത്രമല്ല, സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയാല്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും വിധേയമാകണം.

സ്വിറ്റ്സര്‍ലാന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന ജര്‍മ്മനിയിലും ഇറ്റലിയിലും ഒമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചെങ്കിലും സ്വിറ്റ്സര്‍ലാന്‍ഡില്‍ ഇതുവരെ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.സ്പെയിനും വിദേശികളോടുള്ള സമീപനം കടുപ്പിക്കുകയാണ്. ബ്രിട്ടനുള്‍പ്പടെ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും, വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവര്‍ക്ക് മാത്രമായിരിക്കും സ്പെയിനില്‍ പ്രവേശിക്കാന്‍ കഴിയുക. കോവിഡിനെ പ്രതിരോധിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ആസ്ട്രേലിയയിലും ഈ ഭീകരന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആഫ്രിക്കയില്‍ നിന്നും സിഡ്നിയില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഇരുവരും രോഗലക്ഷണങ്ങളൊന്നും പ്രദര്‍ശിപ്പിച്ചിരുന്നില്ല. മാത്രമല്ല, ഇരുവരും വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരുമാണ് എന്ന് അധികൃതര്‍ അറിയിച്ചു. 14 യാത്രക്കാര്‍ അടങ്ങിയ ഒരു സംഘത്തിന്റെ ഭാഗമായിരുന്നു ഇവര്‍. മുഴുവന്‍ സംഘാംഗങ്ങളേയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2020-ലും ഇത്തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളിലൂടെയായിരുന്നു തുടക്കം അതാന് ഏതാണ്ട് മൂന്ന് മാസക്കാലം ലോകം മുഴുവന്‍ അടഞ്ഞുകിടന്ന ലോക്ക്ഡൗണിലേക്ക് വഴിതെളിച്ചത്. ആ ഓര്‍മ്മകള്‍ ഇന്നും വേട്ടയാടുകയാണ് പലരേയും.

അതിനിടയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം യാത്രാ നിരോധനം പ്രഖ്യാപിച്ച ബ്രിട്ടനെതിരെ ദക്ഷിണാഫ്രിക്ക രംഗത്തെത്തി. തീര്‍ത്തും നീതീകരിക്കാനകാത്തതും അശാസ്ത്രീയവുമാണ് ബ്രിട്ടന്റെ നടപടി എന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറിള്‍ രാംഫോസ പ്രസ്താവിച്ചു. ബ്രിട്ടന്റെ നടപടിയെ തുടര്‍ന്ന് മറ്റ് പാശ്ചാത്യ രാജ്യങ്ങളും സമാനമായ സമീപനം സ്വീകരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നടപടികള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദരിദ്ര രാജ്യങ്ങളുടെ സമ്ബദ്വ്യവസ്ഥ തകര്‍ക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളു എന്നും അദ്ദെഹം ചൂണ്ടിക്കാട്ടി.

റഗ്‌ബി ക്ലബ്ബുകളായ കാര്‍ഡിഫിലേയും മണ്‍സ്റ്ററിലേയും കളിക്കാര്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് യാത്രയോഴിവാക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഞായറാഴ്‌ച്ച രാത്രി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അവര്‍ക്ക് യാത്ര റദ്ദാക്കി ദക്ഷിണാഫ്രിക്കയില്‍ ക്വാറന്റൈന് വിധേയരാകേണ്ടി വന്നത്. സൗത്ത് ആഫ്രിക്കയില്‍ യുണൈറ്റഡ് റഗ്‌ബി ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ഇവര്‍. സ്‌കാര്‍ലെറ്റ് ടീം അംഗങ്ങള്‍ ഡബ്ലിനേക്കുള്ള വിമാനത്തില്‍ തിരിച്ചു പോയി. അതുപോലെ ഇറ്റാലിയന്‍ ടീമായ സെബ്രെ യും ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചു.

എന്നാല്‍ കാര്‍ഡിഫിലേയും മണ്‍സ്റ്ററിലേയും ചില കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത്. കാര്‍ഡിഫ് ടീമില്‍ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ ഒരാള്‍ക്ക് ഓമിക്രോണ്‍ ആണെന്ന് സംശയിക്കപ്പെടുന്നു. മന്‍സ്റ്റെര്‍ ടീമില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇതോടെയാണ് രണ്ട് ടീമുകളുടെയും യാത്ര റദ്ദ് ചെയ്തത്.

prp

Leave a Reply

*