ന്യൂഡല്‍ഹി| പുതിയ യുദ്ധവിമാനങ്ങള്‍, 1,000 കിലോമീറ്റര്‍ ദൂരമുള്ള ലോംഗ് റേഞ്ച് ക്രൂയിസ് മിസൈലുകള്‍, വിഷ്വല്‍ റേഞ്ച് മിസൈലുകളായ അസ്ത്ര എന്നിവയുള്‍പ്പെടെ 38,900 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. ചൈന അതിര്‍ത്തിയിലെ തര്‍ക്കം തുടരവെയാണ് വന്‍ ആയുധ ഇടപാടിന് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
12 സുഖോയ് 30, 21 മിഗ് 29 സൂപ്പര്‍സോണിക് വിമാനങ്ങളുള്‍പ്പെടെ 33 പുതിയ യുദ്ധവിമാനങ്ങള്‍ക്കാണ് റഷ്യയുമായി കരാര്‍ ഒപ്പുവെക്കുന്നത്. കൂടാതെ 18,148 കോടി രൂപ ചെലവില്‍ നിലവിലുള്ള 59 മിഗ് വിമാനങ്ങള്‍ നവീകരിക്കാനും ഡി ആര്‍ ഡി ഒക്ക് വേണ്ടി 1,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂസ് മിസൈല്‍ വികസിപ്പിക്കാനും അനുമതിയായി.
ഇന്നലെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്‍്റെ അധ്യക്ഷതയില്‍ കൂടിയ സമിതിയാണ് ഇടപാടിന് അനുമതി നല്‍കിയത്.

