പ്രശ്നങ്ങള്‍ കോംപ്രമൈസാക്കിയതിന് അഞ്ചുലക്ഷം രൂപ കൈക്കൂലി, വിജിലന്‍സിന്റെ കെണിയില്‍ പെട്ടത് ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി

നാഗര്‍കോവില്‍: പരാതിക്കാരന്റെ കൈയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കന്യാകുമാരി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

കോയമ്ബത്തൂര്‍ സൂലൂര്‍ സ്വദേശിയും കന്യാകുമാരി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ തങ്കവേലുവിനെയാണ് (55) കന്യാകുമാരി വിജിലന്‍സ് ഡിവൈ.എസ്.പി പീറ്റര്‍ പോളിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

സംഭവമിങ്ങനെ: നാഗര്‍കോവില്‍ കോര്‍ട്ട് റോഡില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പ് നടത്തുന്ന നാഗര്‍കോവില്‍ രാമന്‍പുത്തൂര്‍ സ്വദേശിയായ ശിവഗുരു കുറ്റാലം (66)​ 2017ല്‍ ഷോപ്പിനടുത്തുള്ള സ്ഥലം രാമദാസ്,​ രത്നസ്വാമി എന്നിവരുടെ പക്കല്‍ നിന്ന് ലീസിനെടുത്തിരുന്നു. 1.50 കോടി രൂപയാണ് കരാര്‍ തുക. ഈ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ അന്നത്തെ നാഗര്‍കോവില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. ഇതോടെ സ്ഥലത്തിന്റെ ഉടമസ്ഥരോട് പണമോ അല്ലെങ്കില്‍ മറ്റൊരു സ്ഥലമോ തരണമെന്ന് ശിവഗുരു ആവശ്യപ്പെട്ടു. എന്നാല്‍ ഉടമകള്‍ ഇത് അംഗീകരിക്കാതായതോടെ ശിവഗുരു ജില്ലാ പൊലീസ് മേധാവിയായിരുന്ന ബദ്രി നാരായണന് 2020ല്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടാര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അതില്‍ തൃപ്തിയില്ലെന്ന് കാട്ടി എസ്.പിക്ക് പരാതി നല്‍കി. തുടര്‍ന്ന് എസ്.പി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി തങ്കവേലുവിനോട് കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ 10 ലക്ഷം രൂപയാണ് തങ്കവേലു ആവശ്യപ്പെട്ടത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥലമുടമകള്‍ മറ്റൊരു സ്ഥലം ശിവഗുരുവിന് നല്‍കി. തന്റെ ഇടപെടല്‍ കൊണ്ടാണ് സ്ഥലം ലഭിച്ചതെന്നും അതിന് പ്രതിഫലമായിഅഞ്ചുലക്ഷം രൂപ തരണമെന്നും തങ്കവേലു,​ ശിവഗുരുവിനെ നിരന്തരം ഭീഷണിപ്പെടുത്തി. ഇതോടെ ജില്ലാ വിജിലന്‍സ് ഡിവൈ.എസ്.പി പീറ്റര്‍ പോളിന് ശിവഗുരു പരാതി നല്‍കി. അടുത്ത ദിവസം വൈകിട്ട് തങ്കവേലുവിന് ഓഫീസിലെത്തി കാശ് നല്‍കാന്‍ നിര്‍ദ്ദേശിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ സമയത്ത് തങ്കവേലുവിനെ പിടികൂടുകയായിരുന്നു. ഇയാള്‍ താമസിക്കുന്ന രാമന്‍പുരത്തെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. ഡിസ്ട്രിക് ജുഡിഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ തങ്കവേലുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

prp

Leave a Reply

*