കൊല്‍ക്കത്ത: സ്കൂളിലെ പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന ആരോപണവുമായി സ്കൂള്‍ അധികൃതര്‍. ഇവരെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോള്‍ തങ്ങളെന്നും അധികൃതര്‍.
കമല ഗേള്‍സ് ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥിനികളാണ് പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് അദ്ധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം സമ്മതിക്കുകയും തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് എഴുതി നല്‍കുകയും ചെയ്തു.
എന്നാല്‍ ആരോപണവിധേയരായ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ ഇത് നിഷേധിച്ചു. തോളില്‍ കൈയിട്ട് നടക്കുന്നതും കൈ കോര്‍ത്ത് പിടിക്കുന്നതും എങ്ങനെ സ്വവര്‍ഗാനുരാഗമായി കണക്കാക്കാനാകുമെന്ന് ഇവര്‍ ചോദിക്കുന്നു.
അതേസമയം സ്വവര്‍ഗാനുരാഗികള്‍ പഠിക്കുന്ന സ്കൂളില്‍ മക്കളെ അയക്കില്ലെന്ന നിലപാടിലാണ് മറ്റ് രക്ഷിതാക്കള്‍. വിഷയം രമ്യമായി പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം മീറ്റിംഗ് വിളിച്ചുകൂട്ടിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. ചര്‍ച്ചകള്‍ തുടരുകയാണ്.

