സിനിമ-സീരിയല്‍ താരം സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍. വളരെ അടുത്ത സുഹൃത്തായ സുബിയുടെ വേര്‍പാട് ഞെട്ടിക്കുന്നതാണെന്ന് നടന് കലാഭവന്‍ ഷാജോണ്‍ പ്രതികരിച്ചു.
വര്‍ഷങ്ങളായി ഒരുമിച്ച് സ്റ്റേജ് ഷോകളില്‍ പ്രവര്‍ത്തിച്ചത് മുതലുള്ള സുഹൃത്ത് ബന്ധമാണ്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് കുറച്ച് നാളായി സുബി ചികിത്സയിലായിരുന്നുവെന്ന് അറിയാമായിരുന്നു. എന്നാല്‍ പ്രതീക്ഷാവഹമായ റിപ്പോര്‍ട്ടായിരുന്നു ആശുപത്രിയില്‍ നിന്നും ലഭിച്ചത്. സുബിയുടെ കുടുംബവും ആ സമാധാനത്തിലായിരുന്നു.
”വളരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സുബിയുടെ വേര്‍പാട്. സുബി കുറച്ചു ദിവസമായി ചികിത്സയിലായിരുന്നുവെന്ന് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. സുബിക്ക് കരള്‍ രോഗമായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടുകാരില്‍ നിന്നും നല്ല സൂചനകളായിരുന്നു കിട്ടിയിരുന്നത്. ആ ഒരു ആശ്വാസത്തിലായിരുന്നു ഞങ്ങള്‍. പക്ഷേ പെട്ടെന്ന് കേള്‍ക്കുന്ന ഈ വിവരം ഞെട്ടിക്കുന്നു. ഒരുപാടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഒരുമിച്ച് സ്റ്റേജ് ഷോകളില്‍ തുടങ്ങിയ സുഹൃത്ത് ബന്ധമാണ്. ഒരു ആണ്‍കുട്ടിയെപ്പോലെ ജീവിതത്തെ നേരിട്ട താരമാണ് സുബി. ജീവിതത്തെ വളരെ സന്തോഷത്തോടെ നേരിട്ടിരുന്ന ആളാണ്.
നമ്മള് പോലും ചെയ്യാന്‍ മടിക്കുന്ന പല കാര്യങ്ങളും വളരെ ധൈര്യത്തോടെ സുബി ചെയ്യും. ഒറ്റക്ക് എവിടെയും യാത്ര ചെയ്യാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു സുബി. എന്ത് കാര്യത്തിന് എപ്പോ വിളിച്ചാലും ഓടിയെത്തും. ഞങ്ങളുടെ ഒരു മിമിക്രി അസോസിയേഷന് ഉണ്ട്. അതിന്റെ എക്സിക്യൂട്ടിവ് മെമ്ബറായിരുന്നു സുബി. സംഘടനയ്ക്കു വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ മുന്പില് നിന്നിട്ടുള്ള വ്യക്തിയാണ്. കുടുംബമായിട്ടും വളരെ അടുപ്പമുണ്ടായിരുന്നു. വളരെയധികം വിഷമിപ്പിക്കുന്ന വാര്‍ത്തയാണിത്.” കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

