കൊച്ചി: സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കും. സിനിമയില്‍ പണം നിക്ഷേപിച്ചവരെയാണ് ആദ്യം അന്വേഷണ സംഘം നിരീക്ഷിക്കുന്നത്. 2019 ജനുവരി 1 മുതലുള്ള സിനിമകളില്‍ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ ആണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.140 ലധികം സിനിമകള്‍ ആണ് ഈ കാലയളവില്‍ നിര്‍മിച്ചത്.പണം എവിടെ നിന്ന് വന്നു, ആരൊക്കെ നിക്ഷേപിച്ചു എന്നി വിവരങ്ങള്‍ നല്‍കണം. ഇതോടൊപ്പം അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നല്കിയ തുകയുടെ വിവരവും സ്പെഷല്‍ ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.കള്ളപ്പണം സിനിമ മേഖലയില്‍ ഉപയോഗിച്ചോയെന്ന് പരിശോധിക്കാനാണ് നടപടി.
സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സിനിമാ മേഖലയിലുള്ള ബന്ധത്തിന് തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ അന്വേഷണം വ്യാപിപ്പിക്കുന്നത്. സാമ്ബത്തികമായി സിനിമ പരാജയപ്പെട്ടിട്ടും ചില നിര്‍മാതാക്കള്‍ വീണ്ടും ഈ മേഖലയില്‍ പണം നിക്ഷേപിക്കുന്നു. ഇത് സ്വര്‍ണ്ണക്കടത്ത്, മയക്കു മരുന്ന് ഇടപാടുകാരില്‍ നിന്നും ലഭിക്കുന്നതാണോ എന്ന സംശയം ഉണ്ട്.മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അഭിനേതാക്കള്‍ അടക്കമുള്ള സിനിമ പ്രവര്‍ത്തകരെ നേരത്തേ പിടികൂടിയിരുന്നു.എന്നാല്‍, നിരവധി തവണ ആരോപണം ഉയര്‍ന്നിട്ടും സിനിമ നിര്‍മാണ മേഖലയിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് കാര്യമായ അന്വേഷണം സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

