ടൂറിന്: ഈയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുമായി ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ താരം പൗളോ ഡിബാലയും സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടത് കോവിഡ് ചട്ടം ലംഘിച്ചാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇരുവരും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ടൂറിന് ലോക്കല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
യുവന്റസ് സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ക്രിസ്റ്റ്യാനോയും കൂട്ടരും പരിശോധന ഫലം വരുംമുമ്ബ് ക്ളബിനെ അറിയിക്കാതെ സ്ഥലം വിട്ടെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലബ്ബ് തന്നെയാണ് ചില താരങ്ങള്‍ െഎസൊലേഷനില്‍ കഴിയാതെ സ്ഥലം വിട്ട വിവരം തങ്ങളെ അറിയിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ റോബര്‍േട്ടാ ടെസ്തി വ്യക്തമാക്കി.

