തിരുവനന്തപുരം : കേരളത്തിലെ ക്രൈസ്തവര്‍ സഭാ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി നടത്തി വരുന്ന പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന തടസ്സപ്പെടുത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.
സുധാകരന്. രാത്രി 10 മണിക്ക് ശേഷം സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സുധാകരന് ഇക്കാര്യം പറഞ്ഞത്.
പുതുവര്‍ഷാരംഭം പാതിരാ കുര്‍ബാന ഉള്‍പ്പെടെയാണ് ക്രൈസ്തവ സമൂഹം ആചരിക്കുന്നത്. സര്‍ക്കാര്‍ ഈ പ്രാര്‍ത്ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്. മറ്റ് പല മത ആചാരങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് കല്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും സുധാകരന് പറഞ്ഞു.
ക്രൈസ്തവര്‍ കുടുംബസമേതം പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണിത്. പല പള്ളികളിലും രാത്രി പത്ത് മണിക്ക് ശേഷം ആണ് പ്രാര്‍ത്ഥന നടക്കുന്നത്. ക്രൈസ്തവ സമൂഹത്തിന് പാതിരാ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്നും ആചാരപ്രകാരം പ്രാര്‍ത്ഥനകള്‍ നടത്താന്‍ ക്രിസ്തുമത വിശ്വാസികളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

