പത്തനംതിട്ട : പുതുവത്സരആഘോഷങ്ങളുമായി ബന്ധപ്പെട്ട് റോഡപകടങ്ങളുടെ സാദ്ധ്യത കൂടുതലാകയാല്‍ അമിതവേഗതയിലും മദ്യപിച്ചും അപകടകരമായും വാഹനം ഓടിക്കുന്നവരെ ലക്ഷ്യമാക്കി ഇന്നലെ മുതല്‍ ഓപ്പറേഷന് ഫ്രീക്കന്‍ എന്ന പേരില്‍ മോട്ടാേര്‍ വാഹനവകുപ്പ് കര്‍ശന വാഹന പരിശോധന ആരംഭിച്ചു.
പത്തനംതിട്ട ആര്.ടി.ഒ എ.കെ.ദിലു നേതൃത്വം നല്കി. ഇന്നലെ വിവിധ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് 126 കേസുകളെടുത്തു. 111പേര്‍ക്ക് താക്കീത് നല്കി. എന്‍ഫോഴ്സ്മെന്റ് ആര്. ടി. ഒ, ജില്ലയിലെ വിവിധ സബ് ആര് ടി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. എം.വി.ഐ മാരായ പ്രസാദ്, പദ്മകുമാര്‍, അജി.ബി, അരുണ്‍കുമാര്‍ കെ, അജയ് കുമാര്‍, അരവിന്ദ്, ഷിബു, സൂരജ് എന്നിവര്‍ നേതൃത്വം വഹിച്ചു.
സിഗ്നല്‍ ലൈറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. യൂണിഫോമിലും മഫ്തിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ വിവരം കൈമാറുന്നതനുസരിച്ചായിരിക്കും സിഗ്നല്‍ പോയിന്റുകളില്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. ബ്രീത്ത് അനലൈസര്‍, ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് റഡാര്‍, കാമറകള്‍ എന്നിവയുടെ സഹായം പ്രയോജനപ്പെടുത്തും. കുറ്റക്കാര്‍ക്കെതിരെ വാഹന രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവയില്‍ സസ്പെന്ഷന് നപടികള്‍ ഉണ്ടാകുമെന്ന് ആര്.ടി.ഒ അറിയിച്ചു.

