ചൈനയുടെ വാദം പൊളിയുന്നു, അവശിഷ്ടങ്ങളില്‍ സെന്‍സറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും; തെളിവുകള്‍ ചാരപ്പണി ബലപ്പെടുത്തുന്നത്

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് വിവരശേഖരത്തിനുള്ള സെന്‍സറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും യു.എസ് സൈനികര്‍ കണ്ടെടുത്തു.

ചാരവൃത്തിക്ക് ഉപയോഗിച്ചുവെന്ന് കരുതുന്ന ഈ ഉപകരണങ്ങള്‍ ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധിച്ചു വരികയാണ്.

30-40 അടി നീളം വരുന്ന ആന്റിനകളും ഇതില്‍ ഉള്‍പ്പെടുന്നതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉയരത്തില്‍ തങ്ങുന്ന ബലൂണുകള്‍ ചൈന നിരീക്ഷണത്തിനായി ഉപയോഗിച്ചതാണെന്ന് യു.എസ് സൈനികോദ്യഗസ്ഥര്‍ പറയുമ്ബോള്‍ അവ കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിച്ചതാണെന്നും നിയന്ത്റണം തെറ്റി വന്നതാണെന്നുമാണ് ചൈനയുടെ വാദം. എന്നാല്‍, സെന്‍സറുകളും ഉപകരണങ്ങളും കണ്ടെടുത്തതോടെ ചൈനയുടെ വാദം പൊളിയുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച കനേഡിയന്‍ അതിര്‍ത്തിക്ക് സമീപം ഹ്യൂറണ്‍ തടാകത്തിന് മുകളില്‍ വച്ച്‌ നാലാമത്തെ പേടകവും യു.എസിന്റെ എഫ് – 16 യുദ്ധവിമാനത്തില്‍ നിന്ന് തൊടുത്ത മിസൈല്‍ തകര്‍ത്തു. ആദ്യം പ്രത്യക്ഷപ്പെട്ട ബലൂണിനേക്കാള്‍ ചെറുതാണ് പിന്നീട് കണ്ട മൂന്ന് പേടകങ്ങളും. അജ്ഞാതപേടകങ്ങള്‍ അവ വീണ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് യാതൊരു വിധത്തിലും ഭീഷണിയാവില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും വിമാനപാതയില്‍ തടസ്സമുണ്ടാക്കാതിരിക്കാനുമാണ് അവ തകര്‍ത്തത്. സൗത്ത് കരോലിനയില്‍ വെടിവച്ചിട്ട ബലൂണിന് മൂന്ന് ബസുകളുടെ വലിപ്പമുണ്ടായിരുന്നു. അലാസ്കയില്‍ കണ്ട രണ്ടാമത്തെ പേടകത്തിന് ഒരു കാറിന്റെ വലിപ്പവും യൂകോണില്‍ കണ്ടെത്തിയത് സിലിണ്ടര്‍ ആകൃതിയുമായിരുന്നു. സിലിണ്ടര്‍ ആകൃതിയില്‍ ലോഹനിര്‍മ്മിതമായ പേടകത്തിന്റെ അടിഭാഗത്ത് സ്ഫോടനശേഷിയുള്ള വസ്തു പോലെയുള്ള ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നു.

മിഷിഗണില്‍ കണ്ടെത്തിയ നാലാമത്തെ പേടകം അഷ്ടകോണാകൃതിയിലുള്ളതും ഞാത്തിയ ചരടുകള്‍ ഉള്ളതുമായിരുന്നു. കടലില്‍ വീണ അവശിഷ്ടങ്ങള്‍ മുങ്ങിപ്പോയതിനാല്‍ അവ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഏറ്റവും ആദ്യം തകര്‍ത്ത പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ വൈകിയത് മോശം കാലാവസ്ഥയായിരുന്നതിനാലാണെന്ന് സൈനികോദ്യഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തകര്‍ത്ത മറ്റ് പേടകങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ളശ്രമം തുടരുകയാണ്.

കാനഡ അതിര്‍ത്തിയായ യൂകോണില്‍ മിസൈല്‍ തകര്‍ത്ത പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കനേഡിയന്‍ ഫെഡറല്‍ പൊലീസും സഹകരിക്കുന്നുണ്ട്. 3000 ചതുരശ്രകിലോമീറ്റര്‍ വരുന്ന പര്‍വ്വതപ്രദേശത്ത് മഞ്ഞുറഞ്ഞിട്ടുള്ളതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുക ശ്രമകരമാണ്. വിദൂരപ്രദേശത്ത് നിന്ന് അവ കണ്ടുകിട്ടാന്‍ സാദ്ധ്യതയില്ലെന്നും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

ആദ്യ ബലൂണ്‍ ജനുവരി 28ന് അലൂഷ്യന്‍ ദ്വീപുകള്‍ക്കു സമീപം വ്യോമാതിര്‍ത്തിയിലെത്തിയപ്പോഴാണ് യു.എസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ജനങ്ങള്‍ക്ക് അപകടമുണ്ടാക്കാത്ത വിധത്തില്‍ ബലൂണ്‍ തകര്‍ക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതോടെയാണ് ബലൂണ്‍ വീഴ്ത്തിയത്.

അതേസമയം, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ വിഷയം ചൈനയുടെ ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞനായ വാംഗ് യീയുമായി അടുത്തയാഴ്ച ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന സുരക്ഷാ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തേക്കുമെന്ന് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ ബലൂണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്ളിങ്കന്‍ ചൈനയില്‍ കഴിഞ്ഞയാഴ്ച നടത്താനിരുന്നു സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

prp

Leave a Reply

*