ന്യൂഡെല്‍ഹി: ( 24.08.2020) പാക്കിസ്ഥാന് ഇനി ചൈനയുടെ സ്വന്തം നാവിഗേഷന്‍. ചൈനയുടെ സൈനിക ആവശ്യങ്ങള്‍ക്ക് ജിപിഎസിന് ബദലായുള്ള ബെയ്ദൗ ഉപയോഗിക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. സൈനികവും സൈനികേതരവുമായ കാര്യങ്ങള്‍ക്ക് ബെയ്ദൗ ഉപയോഗിക്കാനാണ് പാക്ക് തീരുമാനം. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നതിന്റെ ഭാഗമാണ് നടപടി.
സര്‍വേ, മാപ്പിങ്, നിര്‍മാണം, ശാസ്ത്രീയ പഠനങ്ങള്‍ തുടങ്ങി ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ബെയ്ദൗവുമായുള്ള സഹകരണം പാക്കിസ്ഥാന് സഹായകരമാകും. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ചൈന ബെയ്ദൗ എന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം പൂര്‍ണമായ വിവരം പ്രഖ്യാപിച്ചത്.
ഏഷ്യന്‍ മേഖലയിലെ തങ്ങളുടെ സ്വാധീന പ്രദേശങ്ങളില്‍ ബെയ്ദൗവിനെ അവതരിപ്പിക്കാനുള്ള ചൈനീസ് ശ്രമം പാക്കിസ്ഥാന്റെ കാര്യത്തില്‍ വിജയിച്ചിരിക്കുകയാണ്. പാക്കിസ്ഥാനില്‍ കണ്ടിന്യുവസ്ലി ഓപറേറ്റിംഗ് റഡാര്‍ സ്റ്റേഷന്‍ (സിഒആര്‍എസ്) സ്ഥാപിക്കാന്‍ ചൈനീസ് സാറ്റ്ലൈറ്റ് നാവിഗേഷന്‍ ഓഫിസ് (സിഎസ്‌എന്‍ഒ) സമ്മതിച്ചിട്ടുണ്ട്.
അമേരിക്കന്‍ നിര്‍മിത ജിപിഎസിന്റെ ആഗോളതലത്തിലുള്ള മേല്‍ക്കൈ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ചൈന ബെയ്ദൗ അവതരിപ്പിച്ചിട്ടുള്ളത്. ലോകത്തെ സജീവമായ നാലാമത്തെ ഗ്ലോബല്‍ നാവിഗേഷന്‍ സംവിധാനമാണിത്. ഇന്ത്യയുടെ തദ്ദേശീയ ജിപിഎസാണ് നാവിക് എന്നറിയപ്പെടുന്ന ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം(IRNS-S).
കഴിഞ്ഞ ജൂണ്‍ 23നാണ് ചൈന ബെയ്ദൗവിന്റെ അവസാന സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചത്. 1990കളിലാണ് ചൈന ജിപിഎസിന്റെ ബദലൊരുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. 2000ത്തിലായിരുന്നു ആദ്യ സാറ്റലൈറ്റ് വിക്ഷേപണം. ഏഷ്യ പസഫിക് മേഖലയില്‍ 2012 മുതലും ആഗോള തലത്തില്‍ 2018 മുതലും ബെയ്ദൗ ലഭ്യമാണ്.
ബെയ്ദൗവിലേക്കുള്ള മാറ്റം ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള പ്രതിരോധ രംഗത്തെ സഹകരണവും വര്‍ധിപ്പിക്കും. വൈകാതെ പാക്കിസ്ഥാന്റെ എല്ലാ സൈനികവിഭാഗങ്ങളും നാവിഗേഷന്‍ ആവശ്യങ്ങള്‍ക്ക് ബെയ്ദൗ ഉപയോഗിക്കുമെന്നാണ് സൂചന.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കാശ്മീര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ വലിയ പങ്ക് ചൈനയില്‍ നിന്നുള്ളതാണ്. പോര്‍വിമാനങ്ങള്‍, ആയുധങ്ങള്‍, കൊലയാളി ഡ്രോണുകള്‍, കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ തുടങ്ങി പാക്കിസ്ഥാനിലേക്കെത്തിയ ചൈനീസ് പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക നീളമുള്ളതാണ്. ഇതിലേക്കാണ് ബെയ്ദൗ കൂടി ഉള്‍പ്പെട്ടിരിക്കുന്നത്.

