സംസ്ഥാനത്ത്‌ ചിക്കന്‍പോക്‌സ് പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തൃശ്ശൂര്‍: സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് രോഗബാധ വര്‍ധിക്കുന്നു. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്ത് മാസത്തിനിടെ 144 പേരാണ് സംസ്ഥാനത്ത് ചിക്കന്‍ പോക്‌സ് ബാധിച്ച്‌ മരിച്ചത്. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ചിക്കന്‍പോക്‌സു കൂടി ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ചിക്കന്‍പോക്‌സ് ബാധമൂലമാണ്. രോഗം പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. 2015 ല്‍ സംസ്ഥാനത്ത് ചിക്കന്‍പോക്സ് പിടിപെട്ട് ആരും മരിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. 2016 ല്‍ ഒരുമരണം റിപ്പോര്‍ട്ട് ചെയ്തു. 2017 ല്‍ 20 പേര്‍ ആണ് ഈ രോഗബാധ മൂലം മരിച്ചത്. അക്കൊല്ലം സംസ്ഥാനത്ത് 27,856 പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുപ്രകാരം 20,911 പേര്‍ക്കാണ് ചിക്കന്‍പോക്സ് ബാധിച്ചത്. ഇതില്‍ 144 പേര്‍ മരിച്ചു. 2018 ല്‍ ജപ്പാന്‍ ജ്വരം, ഹെപ്പറ്റൈറ്റിസ്  എ, വയറിളക്കം, ചിക്കന്‍പോക്സ് എന്നിവയൊഴിച്ചുള്ള മറ്റ് പകര്‍ച്ചവ്യാധികളെ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തിലെ കാലാവസ്ഥാ മാറ്റമാണ് ചിക്കന്‍ പോക്‌സ് വൈറസിന് അനുകൂല സാഹചര്യമൊരുക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

കൃത്യമായി ചികിത്സിക്കാത്തതാണ് മരണനിരക്ക് കൂട്ടുന്നത്. വൈറസിന് ജനിതകമാറ്റം ഉണ്ടാകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു. മനുഷ്യരുടെ പ്രതിരോധ ശേഷി കുറയുന്നതും രോഗം പടരാന്‍ കാരണമാകുന്നുണ്ട്.

prp

Related posts

Leave a Reply

*