കൊല്ലം: കൊല്ലം ബീച്ചിന്റെ സുസ്ഥിര വികസനത്തിന് ചെന്നൈ ഐ.ഐ.ടി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ മൂന്നാമത്തേത് തിരഞ്ഞെടുക്കാന്‍ കോര്‍പ്പറേഷന്റെ പ്രാഥമിക തീരുമാനം.
ബീച്ചിന്റെ ആകെ വീതി ഒരു കിലോമീറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബീച്ചിനോട് ചേര്‍ന്ന് 250 മീറ്റര്‍ നീളത്തില്‍ കടല്‍പ്രദേശം ജലവിനോദങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷിതമാക്കുന്നതാണ് പദ്ധതി.
ഒരു കിലോ മീറ്റര്‍ ദൂരത്തിനിടയില്‍ ബീച്ചിന്റെ ഇരുവശങ്ങളിലും 30 മീറ്റര്‍ നീളത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കും. ഇതിനിടയില്‍ തീരത്ത് നിന്ന് 250 മീറ്റര്‍ അകലെ നിശ്ചിത ആഴത്തില്‍ ബീച്ചിന് സമാന്തരമായി ജിയോട്യൂബുകള്‍ സ്ഥാപിക്കും. നൂറ് മീറ്റര്‍ വീതം അകലത്തില്‍ മൂന്ന് സെറ്റ് ജിയോട്യൂബുകള്‍ വീതമാകും സ്ഥാപിക്കുക. ശക്തമായ തിരകള്‍ ജിയോട്യൂബില്‍ തട്ടി ദുര്‍ബലപ്പെടും. ഇതോടെ കരയിലേക്ക് വീശുന്ന തിരകള്‍ക്ക് കാര്യമായ ശക്തിയുണ്ടാകില്ല. അങ്ങനെ 250 മീറ്ററോളം പ്രദേശം സുരക്ഷിതായി മാറും. മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരത്തെ ബാധിക്കാത്ത തരത്തിലാകും ജിയോട്യൂബുകള്‍ സ്ഥാപിക്കുക. 20 മീറ്റര്‍ വരെ നീളമുള്ള ജിയോ ട്യൂബിന് 250 ടണ്‍ വരെ ഭാരമുണ്ടാകും.
തീരംസുരക്ഷിതമാകും
പദ്ധതിക്ക് 10 കോടി രൂപയോളം ചെലവാകും. പദ്ധതി രൂപീകരണത്തിന് നേതൃത്വം നല്കിയ തീരദേശ വികസന കോര്പ്പറേഷന് വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇത്തവണത്തെ ബഡ്ജറ്റില്‍ തന്നെ പണം വകയിരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും അപകടകരമായ ബീച്ചുകളിലൊന്നാണ് കൊല്ലം. അതുകൊണ്ട് തന്നെ വിവിധ വാട്ടര്‍ സ്പോര്‍ട്സ് പദ്ധതികള്‍ നടപ്പാക്കാനാകുന്നില്ല. തീരത്ത് നിന്ന് പത്ത് മീറ്റര്‍ കഴിയുമ്ബോള്‍ തന്നെ 4.5 മീറ്റര്‍ വരെ ആഴമുണ്ട്. അതുകൊണ്ട് തന്നെ, ശക്തമായ തിരയുള്ളപ്പോള്‍ കാല് നനയ്ക്കാന്‍ അല്പം ദൂരത്തേക്ക് ഇറങ്ങുന്നവര്‍ തിരയില്പ്പെടുകയാണ്. ഇതുവരെ 57 പേര് കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ചെന്നാണ് ഏകദേശ കണക്ക്. തീരം സുരക്ഷിതമാകുന്നതോടെ വിദേശ സഞ്ചാരികളെയടക്കം ആകര്‍ഷിക്കാന്‍ കഴിയുന്ന പദ്ധതികള്‍ കൊണ്ടുവരാനും ആലോചനയുണ്ട്.
മറ്റ് രണ്ട് നിര്‍ദ്ദേശങ്ങള്‍
1. ഒരു കിലോ മീറ്ററില്‍ ചെറിയ പുലിമുട്ടുകള്‍ സ്ഥാപിക്കല്‍
2. അഞ്ച് മീറ്റര്‍ അഴത്തില്‍, 800 മീറ്റര്‍ നീളത്തില്‍ ജിയോ ട്യൂബുകള്‍ വിടവില്ലാതെ സ്ഥാപിക്കല്‍

