ചങ്ങനാശേരി : നഗരസഭ ഓഫിസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി.
ചങ്ങനാശേരി നഗരസഭയിലെ റവന്യു ഇന്‍സ്പെക്റ്റര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് പുതുശേരി വീട്ടില്‍ സി.ആര് ശാന്തി (50), റവന്യൂ ഓഫിസര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ സൂര്യകിരണ്‍ വീട്ടില്‍ പി.ടി സുശീല (52) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ട് വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കാനഡയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി നാട്ടില്‍ നിര്‍മ്മിച്ച വിടിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി ഇദ്ദേഹത്തിന്റെ ജീവനക്കാരന് ചങ്ങനാശേരി നഗരസഭ ഓഫിസില്‍ ചെന്നിരുന്നു. സര്‍ട്ടിഫിക്കറ്റിനായി 35000 രൂപയും അടച്ചിരുന്നു.
3500 രൂപ കരമായി അടയ്ക്കാന്‍ റവന്യൂ ഓഫിസര്‍ സുശീല നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് സുശീലയും റവന്യു ഇന്‍സ്പെക്റ്റര്‍ ശാന്തിയും, കരം അടയ്ക്കണമെങ്കില്‍ 5000 രൂപ കൈക്കൂലി തരണമെന്ന് ഇദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കാനഡയിലുള്ളയാളുടെ ജീവനക്കാരന് കൈക്കൂലിയുമായി ബുധനാഴ്ച ഓഫിസില്‍ എത്തി. സുശീലയുടെ നിര്‍ദ്ദേശപ്രകാരം ശാന്തി ഈ തുക കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് ഇവരെ പിടികൂടുകയായിരുന്നു.

