ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് 25 രൂപ വരെ വില കുറയ്ക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. “ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന് സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച് അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്” ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ഓരോ ലിറ്ററിലും കേന്ദ്ര സര്‍ക്കാരിന് 25 രൂപ വീതം ലഭിക്കുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വില ഇടിയുമ്പോള്‍ ഓരോ ലിറ്ററിലും 15 രൂപ വരെ ലാഭം കിട്ടുന്നുണ്ട്. ഈ പണം സാധാരണക്കാരുടെ ആണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമാണ് വലിയ രീതിയില്‍ ഇന്ധനവില വര്‍ധനവുണ്ടായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.87 രൂപയും ഡീസലിന് 68.08 രൂപയുമാണ്. മുംബൈയില്‍ ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡായ ലിറ്ററിന് 72.48 രൂപയിലെത്തി.
ഇന്ധന വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും കേന്ദ്ര സര്‍ക്കാരിന് മൗനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ദേശവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. മേയ് 26ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം.

