സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ വീണ്ടും ഹെലികോപ്റ്റര്‍!; 9 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററിനായി ടെന്‍ഡര്‍ വിളിച്ച്‌ സര്‍കാര്‍

തിരുവനന്തപുരം: ( 12.10.2021) സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ വീണ്ടും ഹെലികോപ്റ്റര്‍ വിവാദം. ഒന്‍പത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററിന് ടെന്‍ഡര്‍ വിളിച്ച്‌ സര്‍കാര്‍. ഹെലികോപ്റ്ററിനായി 22 കോടി ചെലവിട്ടതിന് പിന്നാലെയാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചത്.

കോവിഡ് ഒന്നാം തരംഗത്തിനിടയില്‍ 2020 ഏപ്രിലിലാണ് പൊലീസിന്‍റെ അടിയന്തരാവശ്യത്തിനെന്ന പേരില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ന്യൂഡെല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവന്‍ഹന്‍സില്‍ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്.

20 മണിക്കൂര്‍ പറത്താന്‍ 1.44 കോടി വാടകയും അതില്‍ കൂടുതലായാല്‍ മണിക്കൂറിന് 67000 രൂപയുമെന്നാണ് കണക്ക്.

ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഇതുവരെ ജിഎസ്ടി ഉള്‍പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്കുകള്‍. മാസവാടകയും അനുബന്ധ ചെലവുകള്‍ക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്.

മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം തുടങ്ങിയവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാല്‍ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്റ്ററിന്‍റെ ഉപയോഗം നടന്നില്ലെന്നും ആക്ഷേപമുണ്ട്. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങള്‍ക്ക് പൊലീസിന് വ്യക്തമായ മറുപടിയില്ലെന്നാണ് ആരോപണം. ഇത്തരം വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ സര്‍കാര്‍ വീണ്ടും നീങ്ങുന്നത്.

prp

Leave a Reply

*