ബസിന് ഇരുഭാഗത്തേക്ക് 425 രൂപ, ഒരുമാസത്തേക്ക് 9,400 രൂപ: പന്നിയങ്കര ടോള്‍ ​കൊള്ളക്കെതിരെ പാലക്കാട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യബസുകള്‍ പണിമുടക്ക് സമരത്തില്‍

പാലക്കാട്: പാലക്കാട് പന്നിയങ്കരയിലെ ഉയര്‍ന്ന ടോള്‍ നിരക്കിനെതിരെ പ്രതി​ഷേധ സൂചകമായി സ്വകാര്യ ബസുകള്‍ പണിമുടക്കി.

തൃശൂര്‍, പാലക്കാട് ജില്ലകളിലെ മുവ്വായിരത്തോളം സ്വകാര്യ ബസുകളാണ് ഓട്ടം നിര്‍ത്തി പ്രത്യക്ഷ സമരത്തില്‍ പ​ങ്കെടുക്കുന്നത്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഇരുഭാഗത്തേക്കും പോയി വരാന്‍ 425 രൂപയാണ് ടോള്‍. ഒരു തവണ പോകാന്‍ 280 രൂപ നല്‍കണം. 9,400 രൂപയാണ് ഒരു മാസത്തെ പാസിന് നല്‍കേണ്ടത്.

പന്നിയങ്കരയിലെ ടോള്‍ നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകളും ജീവനക്കാരും ടോള്‍ പ്ലാസക്ക് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല ധര്‍ണ നടത്തുന്നുണ്ട്. ഇതിന് ഐക്യദാര്‍ഢ്യമറിയിച്ചാണ് ബസുടമകള്‍ ഓട്ടം നിര്‍ത്തിയത്. തൃശൂര്‍-പാലക്കാട് സ്വകാര്യ ബസുടമ തൊഴിലാളി സംയുക്ത സമിതി നേതൃത്വത്തിലാണ് പണിമുടക്ക്.

പ്രതിമാസം പതിനായിരത്തോളം രൂപ ടോള്‍ നല്‍കാനാവില്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്. ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന ഉറപ്പ് ജില്ല ഭരണകൂടം പാലിക്കാത്തതിനാലാണ് ഇന്ന് സൂചനാ പണിമുടക്ക്.

അതേസമയം ദീര്‍ഘദൂര ബസുകള്‍ ചിലത് സര്‍വിസ് നടത്തുന്നുണ്ട്. വര്‍ധിപ്പിച്ച ടോള്‍ നിരക്കിനെതിരെ ടിപ്പര്‍ ലോറികളും ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാാണ് ഇവര്‍ നല്‍കേണ്ടത്. കഴിഞ്ഞ മാര്‍ച്ച്‌ ഒമ്ബത് മുതലാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത്.

ഭാരം കൂടിയ വാഹനങ്ങള്‍ക്ക് ഇരുഭാഗത്തേക്ക് 645 രൂപ, ഒരുമാസത്തേക്ക് 14,315 രൂപ

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്.

വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്.

രാജ്യത്തെ ടോള് പ്ലാസകളിലെ നിരക്കില്‍ 10 ശതമാനമാണ് വര്‍ധിപ്പിച്ചത്. വാളയാറില്‍ ചെറുവാഹനങ്ങള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 75 രൂപ നല്‍കണം. പന്നിയങ്കരയില്‍ 100 രൂപയാണ്. അരൂരില്‍ 45 രൂപ നല്‍കണം. ചെറിയവാണിജ്യ വാഹനങ്ങള്‍ക്ക് 120 രൂപയാണ് വാളയാറില്‍ കൂടിയത്.

prp

Leave a Reply

*