യുക്രെയ്ന്-റഷ്യന്‍ പ്രശ്നം തുടരുന്നതിനിടെ ബ്രിട്ടനിലെത്തി യുക്രെയ്ന് പ്രസിഡന്റ് വ്ലാഡമിര്‍ സെലന്‍സ്കി.
ലണ്ടനിലെത്തിയ അദ്ദേഹത്തിനെ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ് സ്വീകരിച്ചത്. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. ബെക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെയും സന്ദര്‍ശിച്ച സെലന്‍സ്കി ബ്രിട്ടീഷ് പാര്‍ലമെന്റിനെയും അഭിസംബോധന ചെയ്തു. 900 വര്‍ഷം പഴക്കമുള്ള വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഒട്ടനവധി ജനപ്രതിനിധികളും ജീവനക്കാരുമാണ് എത്തിയത്.
റഷ്യക്കെതിരെ അതിശക്ത പോരാട്ടം തുടരുന്ന യുക്രെയ്ന് സേനയുടെ ധൈര്യത്തിന് അഭിവാദ്യമര്‍പ്പിച്ചാണ് ബ്രിട്ടീഷ് പാര്ലമെന്്റിനെ അഭിസംബോധന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം ആരംഭിച്ച ആദ്യ ദിവസം മുതല്‍ യുക്രെയ്ന് സഹായവുമായെത്തിയ രാജ്യമാണ് ബ്രിട്ടന്. ആ ധൈര്യത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റഷ്യയുമായുള്ള യുദ്ധത്തില്‍ കൂടുതല്‍ ആയുധങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെലന്‍സ്കി ബ്രിട്ടനിലെത്തിയത് എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

