ബ്രിക്സ് വെര്‍ച്വല്‍ ഉച്ചകോടി ഇന്ന്; നരേന്ദ്ര മോദിയും ഷീ ജിന്‍പിങ്ങും വീണ്ടും ഒരേ വേദിയില്‍

ന്യൂഡല്‍ഹി: റഷ്യ ആതിഥേയത്വം വഹിക്കുന്ന പന്ത്രണ്ടാമത് ബ്രിക്സ് ഉച്ചകോടി ഇന്ന്. ഉച്ച കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി അദ്ദേഹം വീണ്ടും വേദി പങ്കിടും. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഷീ ജിന്‍പിങ്ങും ഒരേ വേദി പങ്കിടുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന ഷാങ്ഹായി ഉച്ചകോടിയിലും ഇരു രാഷ്ട്ര തലവന്മാരും ഒന്നിച്ച്‌ പങ്കെടുത്തിരുന്നു. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ)യിലെ എല്ലാ അംഗരാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്ന് മോദി പറഞ്ഞിരുന്നു.

കഴിഞ്ഞ ആറ് മാസമായി കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യയുടേയും, ചൈനയുടേയും സൈനികര്‍ തമ്ബടിച്ചിരിക്കുകയാണ്.

സാമ്ബത്തിക സഹകരണ തന്ത്രങ്ങളും ഭീകരവാദം തടയാനുള്ള സംവിധാനങ്ങളും ഇന്നു നടക്കുന്ന 12ാം ബ്രിക്സ് ഉച്ചകോടി അവലോകനം ചെയ്യുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

റഷ്യ ആതിഥ്യം വഹിക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍, പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ എന്നിവര്‍ പങ്കെടുക്കും.

യുഎന്നിന്റെ 75-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലും കോവിഡ് -19 മഹാമാരിക്കിടയിലും നടക്കുന്ന 12-ാമത് ഉച്ചകോടിയില്‍, ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തും. ഇതിന് പുറമേ ആഗോള തലത്തിലെ പ്രധാന വിഷയങ്ങളായ കൊറോണ വ്യാപനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

“കൊറോണ വൈറസ് അണുബാധയുടെ വ്യാപനം മൂലമുള്ള നിലവിലെ ആഗോള സാഹചര്യത്തിലും, 2020 ല്‍ റഷ്യന്‍ ബ്രിക്സ് ചെയര്‍മാന്‍ഷിപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായ രീതിയിലാണ് നടത്തുന്നത്. 2020 ജനുവരി മുതല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉള്‍പ്പെടെ 60 ലധികം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്,” റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റിന്റെ ഉപദേശകന്‍ ആന്റണ്‍ കോബിയാക്കോവ് പറഞ്ഞു.

prp

Leave a Reply

*