കുവൈത്ത് സിറ്റി: കുഴിബോംബ് സാധ്യതയുള്ളതിനാല്‍ മഴയില്‍ പൊന്തിവന്ന അപരിചിത വസ്തുക്കള്‍ തൊടരുതെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യനിവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. സംശയമുളവാക്കുന്ന അപരിചിത വസ്തുക്കള്‍ ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന ഹോട്ട്ലൈന്‍ നമ്ബറില്‍ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 2018ലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം മരുഭൂമിയില്‍നിന്ന് അധിനിവേശ കാലത്ത് ഇറാഖ് സൈന്യം പാകിയതാണെന്ന് കരുതുന്ന നിരവധി കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. വെള്ളം കുത്തിയൊലിച്ചപ്പോള്‍ മണ്ണൊലിച്ച് പുറത്തേക്ക് വന്നതാണിത്.
വിവിധ സ്ഥലങ്ങളില്‍ ആളുകള്‍ കുഴിബോംബ് കണ്ടെത്തിയവര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും അധികൃതര്‍ ഇവ നിര്‍വീര്യമാക്കുകയുമായിരുന്നു. അധിനിവേശ കാലത്ത് ഇറാഖി പട്ടാളം രാജ്യവ്യാപകമായി കുഴിബോംബുകള്‍ പാകിയിരുന്നു. നേരത്തേ പല ഭാഗങ്ങളില്‍നിന്നും ഇവ കണ്ടെടുത്തിയിരുന്നു. കുഴിബോംബ് പൊട്ടി മരുപ്രദേശങ്ങളില്‍ ആട്ടിടയന്മാര് കൊല്ലപ്പെടുന്ന സംഭവങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്.

