കാറ്ററിംഗ് ജോലി കഴിഞ്ഞ് സാമ്ബ്രാണിക്കോടി കാണാനെത്തിയ യുവാക്കളെ കറുത്ത ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ അകത്താക്കി പൊലീസ്

കൊല്ലം: മുഖ്യമന്ത്രി കൊല്ലത്ത് വന്ന ഇന്നലെ കഷ്ടകാലത്തിന് കറുപ്പ് ഷര്‍ട്ട് ധരിച്ച്‌ സാമ്ബ്രാണിക്കോടി കാണാനെത്തിയ രണ്ട് യുവാക്കള്‍ക്ക് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കസ്റ്രഡിയില്‍ കഴിയേണ്ടിവന്നത് എട്ട് മണിക്കൂര്‍.

ആലപ്പുഴ അരൂര്‍ സ്വദേശികളായ ഇലക്‌ട്രീഷ്യന്‍ ഫൈസല്‍ (19), പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ശിവപ്രസാദ് (18) എന്നിവരാണ് പൊലീസിന് കറുപ്പിനോട് അടുത്തകാലത്തുണ്ടായ കലിപ്പിന്റെ ഇരകളായത്.

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച്‌ കസ്റ്രഡിയിലെടുത്ത ഇവര്‍, തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും കറുപ്പ് ഷര്‍ട്ട് കാറ്ററിംഗ് യൂണിഫോമാണെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസുകാര്‍ കേട്ടില്ല. ഷ‌ര്‍ട്ടിന്റെ കോളറിലും കൈയിലും പിടിച്ച്‌ ബലം പ്രയോഗിച്ചാണ് പൊലീസുകാര്‍ യുവാക്കളെയും ജീപ്പില്‍ കയറ്റിയത്.

മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച്‌ പ്രതിഷേധക്കാരെ മുന്‍കൂട്ടി കസ്റ്റഡിയിലെടുക്കാന്‍ പൊലീസുകാര്‍ നഗരത്തിലാകെ പാഞ്ഞുനടക്കുകയായിരുന്നു. കരുതല്‍ തടങ്കലിലെടുക്കാന്‍ പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളുടെ വീടുകള്‍ കയറിയിറങ്ങിയെങ്കിലും അവരെല്ലാം മറ്റിടങ്ങളിലേക്ക് മാറിയിരുന്നു. അങ്ങനെ കലിപ്പിളകി നടക്കുന്നതിനിടയിലാണ് ഫൈസലും ശിവപ്രസാദും മുന്നില്‍പ്പെട്ടത്.

ഇന്നലെ രാവിലെ എട്ടോടെയാണ് ഫൈസലും ശിവപ്രസാദും കൊല്ലത്തേക്ക് ട്രെയിനിലെത്തിയത്. വ്യാഴാഴ്ച രാത്രി എറണാകുളത്തെ കാറ്ററിംഗ് ജോലി കഴി‌ഞ്ഞാണ് ഇവിടേക്ക് വന്നത്. ഇവിടെയെത്തി അന്വേഷിച്ചപ്പോഴാണ് സാമ്ബ്രാണിക്കോടിയില്‍ പോകാന്‍ കൈയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ പണം വേണമെന്ന് മനസിലായത്. ഇതോടെ 11.55നുള്ള അലപ്പുഴ ട്രെയിനിലേക്ക് ടിക്കറ്റെടുത്ത് റെയില്‍വേ സ്റ്റേഷനില്‍ തന്നെ കാത്തിരുന്നു. ഇതിനിടയില്‍ അല്പം വെള്ളം കുടിക്കാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൊലീസുകാരുടെ കൈയില്‍പ്പെട്ടത്. ഇരുവരെയും വാഹനത്തില്‍ കയറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി. സ്റ്റേഷനിലെത്തിയ ഇരുവരെയും ഉദ്യോഗസ്ഥര്‍ മാറി മാറി ചോദ്യം ചെയ്തു.

മുഖ്യമന്ത്രി കൊല്ലത്തെ രണ്ട് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങും വരെ ഇരുവരെയും സ്റ്റേഷനിലിരുത്തി. രാത്രി ഏഴോടെ ഇവരുടെ വീടുകളില്‍ നിന്ന് നിന്ന് ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് വിട്ടയച്ചത്. അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടത് കൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധമില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

prp

Leave a Reply

*