
ചാലക്കുടി : സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയും കാര്‍ ഡ്രൈവറും ഒരു കിലോയിലധികം കഞ്ചാവുമായി പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്ബി വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ ഷറഫുദ്ദീന് (45) എന്നിവരെ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് വ്യാഴം രാത്രി പിടികൂടിയത്. സീരിയലുകള്‍ക്കായി ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ എര്‍പ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ഏയ്ഞ്ചല്‍ എന്നാണറിയപ്പെടുന്നത്.
എറണാകുളം എളമക്കരയില്‍ വാടക വീട്ടിലാണു താമസം. ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരി വസ്തുക്കള്‍ വന്‍ തോതില്‍ കടത്തുന്നതായി പൊലീസിനു ലഭിച്ച സന്ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന. വ്യാഴം ഉച്ചയ്ക്ക് നഗരസഭ ജംക്ഷനു സമീപം ദേശീയപാതയ്ക്കു സമീപം ലോറിയില്‍ നിന്നു 2.25 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. വാഹനവും യാത്രക്കാരെയും അണുവിമുക്തമാക്കിയ ശേഷം എക്സൈസ് ഇന്‍സ്പെക്ടര്‍ വി. സലിലകുമാറിന്റെ സഹായത്തോടെയായിരുന്നു പൊലീസ് പരിശോധന.
യാത്രക്കാരിയുടെ കയ്യിലുണ്ടായിരുന്ന ബാഗിനു പുറകില്‍ ഒളിപ്പിച്ച പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് ടേപ്പ് ചുറ്റിയ നിലയിലാണു കഞ്ചാവ് പൊതി കണ്ടെത്തിയത്. ചാലക്കുടിയില്‍ എത്തുമെന്നറിയിച്ച ഒരാള്‍ക്കു കൈമാറാന്‍ കൊണ്ടുവന്നതാണ് കഞ്ചാവെന്നും ഡ്രൈവറെ സഹായിയായി വിളിച്ചതാണെന്നും യുവതി സമ്മതിച്ചു.
ലഹരി വസ്തുക്കള്‍ കൈമാറുന്നതിന് സരിത മുന്‍പും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതായി പൊലീസ് സംഘം കണ്ടെത്തി. എസ്എച്ച്ഒ കെ.എസ്. സന്ദീപ്, എസ്ഐ എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
