തെക്കു നിന്നുകൊണ്ട് വടക്കിനെതിരെ രാഹുല്‍ വിഷം വമിപ്പിക്കുന്നു; വിഭജിച്ച്‌ ഭരിക്കാനുളള ശ്രമം നടക്കില്ലെന്ന് ജെ പി നഡ്ഢ

ന്യൂഡല്‍ഹി: ഐശ്വര്യ കേരള യാത്രയുടെ സമാപന വേദിയില്‍ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി ദേശീയ നേതൃത്വം രംഗത്ത്. വിഭജിച്ച്‌ ഭരിക്കാനുളള ശ്രമം നടക്കില്ലെന്നും തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുല്‍ ഗാന്ധി വിഷം വമിപ്പിക്കുകയാണെന്നും ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഢ ആരോപിച്ചു.

‘പതിനഞ്ച് വര്‍ഷം ഉത്തരേന്ത്യയില്‍ നിന്നുളള എം പിയായിരുന്നു. അവിടെ വ്യത്യസ്ത രാഷ്ട്രീയമായിരുന്നു. കേരളത്തിലേക്കുളള വരവ് വളരെയധികം ഉന്മേഷദായകമായിരുന്നു. പ്രശ്‌നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെയുളളവര്‍. വയനാടിനെയും കേരളത്തെയും ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് സമീപകാലത്ത് അമേരിക്കയിലെ വിദ്യാര്‍ത്ഥികളോട് ഞാന്‍ പറഞ്ഞിരുന്നു’എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

ഇതിനെതിരെയാണ് ജെ പി നഡ്ഢ രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്കുമുമ്ബ് വടക്കുകിഴക്ക് നിന്നുകൊണ്ട് തെക്കോട്ട് വിഷം വമിപ്പിച്ചു. ഇപ്പോള്‍ തെക്കുനിന്ന് വടക്കോട്ട്. വിഭജിച്ച്‌ ഭരിക്കാനുളള നീക്കം ജനം തളളിക്കളയും. അതിന്റെ ഉദാഹരണമാണ് ഗുജറാത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലമെന്നും നഡ്ഢ പറഞ്ഞു.

മുന്‍ മണ്ഡലമായ അമേഠിയേയും ഉത്തരേന്ത്യയേയും രാഹുല്‍ അപമാനിക്കരുതായിരുന്നെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ദക്ഷിണേന്ത്യയെയും കോണ്‍ഗ്രസ് രഹിതമാക്കാനുളള ശ്രമമാണ് രാഹുലിന്റേതെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു. പതിനഞ്ച് വര്‍ഷം അമേഠിയില്‍ നിന്നുളള എം പിയായിരുന്നു എന്ന കാര്യം രാഹുല്‍ മറക്കരുതെന്നായിരുന്നു സ്‌മൃതി ഇറാനി പറഞ്ഞത്.

prp

Leave a Reply

*