ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാല്‍ അറസ്‌റ്റില്‍; തട്ടിപ്പില്‍ പങ്കില്ലെന്നും തന്റെ ആക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്നും ന്യായീകരണം

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. തട്ടിപ്പ് നടത്തിയില്ലെന്നും തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നുമാണ് ബിജുലാലിന്റെ ന്യായീകരണം. പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാള്‍ ഇന്ന് അഭിഭാഷകന്റെ ഓഫീസില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ ബിജുലാലിനെ കസ്‌റ്റഡിയിലെടുത്തത്.

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായ എം.ആര്‍.ബിജുലാല്‍ കളക്‌ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാ‌റ്റി തട്ടിപ്പ് നടത്തിയതായാണ് കേസ്. തട്ടിപ്പ് വാര്‍ത്തയായപ്പോള്‍ ശനിയാ‌ഴ്‌ച വീട്ടില്‍ നിന്നും ഒളിവില്‍ പോയ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി നേരത്തെ സംശയിച്ചിരുന്നു. ബിജുലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദീകരണം ചോദിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക പൊലീസ് സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.

prp

Leave a Reply

*