ബുറേവിയുടെ കാറ്റുപോയി റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി. കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും.

ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രത നിര്‍ദേശത്തില്‍ മാറ്റം വരുത്തിയത്. നിലവില്‍ മാന്നാര്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്‌നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറി.


ബുറെവി ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ കേരളത്തിലെത്തുക. തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച്‌ കാറ്റ് അറബിക്കടലിലേക്കു കടക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു.

മാന്നാര്‍ കടലിടുക്കില്‍ എത്തിയ ബുറേവി ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ രാ മനാഥപുരത്തിന് സമീപമായി 9.2 n ഡിഗ്രി അക്ഷാംശത്തിലും 79.1 ഡിഗ്രി e രേഖാംശത്തിലും എത്തിയിട്ടുണ്ട്.

ഇത് മാന്നാറില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലും, കന്യാകുമാരിയില്‍ നിന്ന് ഏകദേശം 210 കിലോമീറ്റര്‍ ദൂരത്തിലുമാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ ത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വരെയുമാണ്.

അതിതീവ്ര ,ന്യൂനമര്‍ദം ഇന്ന് അര്‍ധരാത്രിയോടു കൂടി രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്ബോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥവും ഇതോടൊപ്പം നല്‍കുന്നു.

prp

Leave a Reply

*