ഭോപാല്‍: മധ്യപ്രദേശ‌് സര്‍ക്കാര്‍ ക്യാബിനറ്റ‌് പദവി നല്‍കിയ സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളിലൊരാളായ ഭയ്യുജി മഹാരാജ‌് (50) സ്വയംവെടിയുതിര്‍ത്ത‌് ആത്മഹത്യചെയ‌്തു. ചൊവ്വാഴ‌്ച ഇന്‍ഡോറിലെ വസതിയില്‍വച്ചാണ‌് നിറയൊഴിച്ചതെന്ന‌് പൊലീസ‌് പറഞ്ഞു.
ഉടന്‍ ഇന്‍ഡോറിലെ ബോംബെ ഹോസ‌്പ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞതോടെ ആശുപത്രിപരിസരത്ത‌് ഇദ്ദേഹത്തിന്‍റെ അനുയായികള്‍ തടിച്ചുകൂടി. കുടുംബപ്രശ‌്നങ്ങളാണ‌് ആത്മഹത്യക്ക‌് കാരണമെന്നാണ‌് പ്രാഥമികവിലയിരുത്തല്‍. എന്നാല്‍, അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ച‌് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ‌് രംഗത്തെത്തി.
മധ്യപ്രദേശ‌് സര്‍ക്കാരിനെ പിന്തുണയ‌്ക്കാനായി നല്‍കിയ പദവികള്‍ അദ്ദേഹം നിരസിച്ചിരുന്നു. ഇതേ തുടര്‍ന്ന‌് ബിജെപി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ആ മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ‌് അദ്ദേഹം മരിച്ചതെന്ന‌് കോണ്‍ഗ്രസ‌് ആരോപിച്ചു.
മുന്‍ മോഡലായിരുന്ന ഇദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര‌് ഉദയ്‌സിങ‌് ദേശ‌്മുഖ‌് എന്നാണ‌്. ഈ വര്‍ഷം ഏപ്രിലില്‍ ഭയ്യുജി മഹാരാജടക്കം നാല‌് സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്ക‌് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ക്യാബിനറ്റ‌് പദവി നല്‍കിയിരുന്നു. എന്നാല്‍, ഭയ്യുജി മഹാരാജ‌് ഇത‌് സ്വീകരിച്ചിരുന്നില്ല. വാസ‌്തു, മെഡിറ്റേഷന്‍, ഓറ എന്നിവയാണ‌് ഇദ്ദേഹം പ്രധാനമായും ചെയ‌്തുകൊണ്ടിരുന്നത‌്. 2011ല്‍ യുപിഎ ഭരണകാലത്ത‌് അണ്ണാഹസാരെയുടെ സമരം അവസാനിപ്പിക്കാന്‍ ഇടനിലക്കാരനായത‌് ഇദ്ദേഹമാണ‌്.
